(truevisionnews.com) “അമ്മേ ഞാൻ ഒന്ന് അപ്പുറത്തെ വീട്ടിൽ പോകുന്നുണ്ട്, തിരിച്ച് വരാൻ അല്പം കഴിയും, എന്നെ കാണാൻ വൈകിയാൽ പേടിക്കണ്ടട്ടോ ”.... എന്ന് പറഞ്ഞു വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന കുട്ടികൾ ഒരു ഗ്രാമീണ കാഴ്ച്ച.

പോകുന്നയിടം പറയാൻ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അഥവാ വൈകിവീട്ടിൽ ചെന്നാൽ ഒരടി ഉറപ്പാണ് എന്ന് പറഞ്ഞുകൊണ്ട് സന്ധ്യക്ക് മുന്നേ വീടുപിടിക്കും. എന്നാൽ ഇന്നതിനൊക്കെ മാറ്റം സംഭവിച്ച് വരികയാണ്.
ഒരു പക്ഷേ കുട്ടികളുടെ എടുത്ത് ചട്ടമാവാം, രണ്ടാമത് ഒന്ന് ചിന്തിക്കാൻ അവർ തയ്യാറാകുന്നില്ല എന്നതാണ് സത്യം. വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ, ആഗ്രഹിച്ച സാധനം കിട്ടാതിരുന്നാൽ, പരീക്ഷയോടുള്ള പേടി അങ്ങനെ പല കാരണങ്ങൾ കൊണ്ട് കുട്ടികൾ നാടും വീടും വിട്ട് പോവുകയാണ്.
അമ്മയുടെയും അച്ഛന്റെയും രണ്ടടി കൊണ്ടാലും 2000 മുൻപുള്ള കുട്ടികൾക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. നന്നാവാനല്ലേ പറയുന്നത്, ഒന്നുല്ലെങ്കിലും അടിച്ചത് മാതാപിതാക്കൾ ആണല്ലോ എന്ന് കരുതും. ഈ കാലത്ത് നേരെ തിരിച്ചാണ്. കുട്ടികളോട് മുഖം കറുത്ത് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി അച്ഛനമ്മമാർക്ക് പോലും .
"രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നും പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ........ " എൻ്റെ സൂര്യ പുത്രിക്ക് എന്ന സിനിമയിൽ ഹോസ്റ്റൽ വിട്ടിറങ്ങുന്ന അഞ്ച് വിദ്യാർത്ഥിനികൾ ആഹ്ലാദിച്ച് തെരുവിൽ അർദ്ധരാത്രി ഉല്ലസിച്ച് പാടുന്ന പാട്ടാണിത്.
അന്ന് രക്ഷിതാക്കളെ അമ്പരപ്പിച്ച കാഴ്ചയായിരുന്നു അത്. എന്നാൽ ആരോടും പറയാതെ കുട്ടികൾ വീടുവിട്ട് പോകുന്നത് വാർത്തകളിൽ നിറയുകയാണ്. ഒടുവിൽ വന്ന വാർത്തയാണ് ഈ കഴിഞ്ഞ ദിവസം മലപ്പുറം താനൂരിൽ നിന്നുള്ള രണ്ട് പ്ലസ്ടു വിദ്യാർത്ഥികളായ പെൺകുട്ടികൾ പരീക്ഷയ്ക്ക് സ്കൂളിൽ പോകുകയാണ് എന്ന് പറഞ്ഞുകൊണ്ട് വീടുവിട്ട് പോയത്.
ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞുകൊണ്ട് ഇറങ്ങി. എന്നാൽ കുട്ടികൾ പരീക്ഷക്ക് എത്തിയില്ല. ഇതോടെ സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിലുമില്ലെന്ന കാര്യം അറിഞ്ഞത്. കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബെൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലായിരുന്നു.
ഒരാളുടെ പക്കൽ വെറും അഞ്ച് രൂപയും മാറ്റാരാളുടെ കയ്യിൽ 200 രൂപയും മാത്രമാണ് ഉണ്ടായിരുന്നത് എന്ന് രക്ഷിതാക്കൾ പറയുമ്പോഴും എത്ര സമർത്ഥമായിട്ടാണ് ഇരുവരും കേരളം വിട്ടത് . ഈ ഒരു അവസ്ഥയിൽ പെൺകുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ നമ്മളിൽ എത്രപേർ ചിന്തിച്ചുകാണും.
വീട് വിട്ട് ഇറങ്ങിയത് രണ്ട് പെൺകുട്ടികളാണ് എന്ന് കേൾക്കുമ്പോൾ, ചുറ്റിലും ഉള്ളവരായാലും ഇന്നത്തെകാലത്തെ സോഷ്യൽ മീഡിയയിലൂടെ കമന്റ് ഇടുന്നവരായാലും പല അർത്ഥത്തിൽ വളച്ചൊടിക്കുകയാണ് ചെയ്യുന്നത് .
"നമ്മളെ എല്ലാവരെയും തീ തീറ്റിച്ചുകൊണ്ട് ഹാപ്പിയായാണ് അവർ നടക്കുന്നത്. മുടി സ്ട്രൈറ്റ് ചെയ്യാനും ജീൻസ് പാന്റ്സ് ധരിക്കാനും സമ്മതം കൊടുക്കാറില്ല" , ആ കാര്യങ്ങളാണ് അവർ ചെയ്തതെന്ന് പിതാവ് പറയുന്നു .
സ്വാതന്ത്ര്യം കിട്ടുന്നില്ല എന്ന തോന്നൽ കൊണ്ടാണോ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് .....മുടി സ്ട്രൈറ്റ് ചെയ്യാനും ജീൻസ് പാന്റ്സ് ധരിക്കാനും വേണ്ടി മാത്രം ഇത്രയും ദൂരം അവർ സഞ്ചരിക്കുമോ? ചോദ്യങ്ങൾ ഒരുപാട് ബാക്കിയാണ് .
1986 പുറത്തിറങ്ങിയ ഇറങ്ങിയ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിൽ കാണിക്കുന്ന പോലെ യാത്രചെയ്യാനും പറന്നുനടക്കാനും വേണ്ടിയും കൂടിയാണോ ഇവർ പോയത് എന്നും നമ്മൾ ചിന്തിക്കേണ്ടത് ഉണ്ട്.
കോവിഡ് കാലത്ത് പഠനം ഓൺലൈൻ ക്ലാസ്സിലേക്ക് മാറിയ അന്നുമുതലാണ് ചെറിയ കുട്ടികളുടെ കൈകളിൽ സ്വന്തമായി മൊബൈൽ ഫോൺ എത്തിയത്. പുസതകങ്ങളെ കൈവെള്ളയിൽ വെച്ചു നടന്നിരുന്നവർ ഇന്ന് മൊബൈൽ ഫോണിലെ പുതിയ ലോകത്തെയാണ് കൂടുതലും ഇഷ്ടപ്പെടുന്നത്.
കവിതകൾക്കിടയിലൂടെയോ കഥകൾക്കിടയിലൂടെയോ കണ്ണും വിരൽത്തുമ്പും ചലിപ്പിക്കേണ്ടവർ സ്കൂൾ വിട്ട് വന്ന ഉടൻ അല്ലെങ്കിൽ ഒഴിവ് സമയങ്ങളിൽ ഫോണിലെ സ്‌ക്രീനിൽ കൂടി കണ്ണോടിക്കുകയും വിരലുകൾ ചലിപ്പിക്കുകയുമാണ് ചെയ്യുന്നത് .
സോഷ്യൽ മീഡിയ റീലുകളിൽ കാണുന്ന എന്തും തനിക്കും വേണം, അവർ ചെയ്യുന്ന ഓരോ ഫാഷനും താനും ചെയ്യും എന്നതിലേക്കാണ് ചെന്നെത്തുന്നത് . ഏതിനും നല്ലതും ചീത്തയും ഉണ്ട് എന്ന് പറയുന്നത് പോലെ മൊബൈൽ ഫോണിനും രണ്ട് വശം ഉണ്ടെന്നുള്ളത് വാസ്തവം.
അതറിയാതെയാവാം കുട്ടികൾ പലതിലേക്കും എടുത്ത് ചാടുന്നത്. മലപ്പുറത്തെ പെൺകുട്ടികൾക്കും ഒരു പക്ഷെ സംഭവിച്ചത് സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പുറത്താവാം. അതിൽ കാണുന്ന വ്യക്തികളുടെ ജീവിതം ആവുംചിലപ്പോൾ പ്രചോദനമാകുന്നത്.
വാശിക്കാട്ടുന്ന പോലെയാണ് കുട്ടികൾ മുടി മുറിച്ച് കളഞ്ഞതെന്ന് സലൂൺ ഉടമ പറഞ്ഞിരുന്നു. സത്യത്തിൽ ആരോടാണ് വാശി, , വീട്ടിലുള്ളവരോടോ അല്ലെങ്കിൽ അവരോട് തന്നായോ? “ ഈ ഒരു മുടി വെട്ടാൻ ആണോ ഇവരങ്ങോട്ട് പോയത് ” എന്ന സോഷ്യൽ മീഡിയ കമന്റ് ബോക്സിലെ ചൂട് പിടിച്ച ചർച്ച തന്നെയാണോ യാഥാർഥ്യം ?
മുൻപ് മുടി വെട്ടാൻ സമ്മതിക്കാത്ത പിതാവാണ് ഇന്ന് മക്കളെ കണ്ടു കിട്ടിയപ്പോൾ “മുടിയൊക്കെ വെട്ടി സുന്ദരി ആയല്ലോ ” എന്ന് ചോദിക്കാൻ ഇടയായത്. വികൃതി കാട്ടിയാൽ രണ്ട് അടികൊടുത്തിട്ട് പിന്നീട് കാര്യം ചോദിക്കുന്ന മാതാപിതാക്കളുടെ ചോദ്യംചെയ്യൽ ഈ രീതിയിലേക്ക് കൂടി മാറിക്കഴിഞ്ഞു.
ഒന്നും ചോദിക്കാനോ പറഞ്ഞു കൊടുത്ത് മനസിലാക്കാനോ കഴിയാത്ത അവസ്ഥയായി മാറുകയാണ്. നിസ്സഹായാവസ്ഥ കൂടിയല്ലേ നമ്മൾ ഇവിടെ കാണുന്നത്...
മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് ചെറിയ കുട്ടികൾ തന്നെയാണ് എന്നും, എന്നിരുന്നാലും മക്കളുടെ വളർച്ചയിലെ ഓരോ ചുവടുവെപ്പും ഒരു മുതിർന്ന വ്യക്തിയെ എങ്ങനെയാണോ സമൂഹം കാണുന്നത് ആ രീതിയിൽ തന്നെ കണ്ടുകൊണ്ട് ശാസിക്കണം, സ്നേഹിക്കണം, തിരുത്തണം, ചേർത്ത് പിടിക്കണം . എങ്കിൽ മാത്രമേ വരും തലമുറയുടെ ഓരോ വഴികളും മാതാപിതാക്കൾക്കും മനസ്സിലാവുകയുള്ളൂ.....

Article by SUSMITHA P P
Associate editor, truevisionnews BA Mass communication & Journalism
#Reels #are #not #real #youth #should #be #realistic #When #nightingales #fly #away
