(truevisionnews.com)ഊട്ടി കാണാൻ ഇറങ്ങുന്നവരിൽ ഭൂരിപക്ഷവും വിട്ടുകളയുന്ന അതിമനോഹരമായ ഒരു ഗ്രാമമുണ്ട്. മലകളാൽ ചുറ്റപ്പെട്ട സുഖകരമായ തണുപ്പ് വന്നു പൊതിയുന്ന, നട്ടുച്ചയ്ക്ക് പോലും വെയിലെത്താൻ മടിക്കുന്ന കിണ്ണകൊരൈ. ഊട്ടിയിൽ നിന്നും 60 കിലോമീറ്റർ യാത്ര ചെയ്‌താൽ ഈ ഗ്രാമത്തിലേക്കെത്താം.കുറച്ചു വർഷങ്ങൾ പുറകിലോട്ടു സഞ്ചരിച്ച് എത്തുന്ന ഒരു ഗ്രാമത്തിൻ്റെ കാഴ്‌ചകളുമായാണ് കിണ്ണകൊരൈ അതിഥികളെ സ്വീകരിക്കുന്നത്. ഭക്ഷണം കഴിക്കാനായി വലിയ റെസ്‌റ്റോറന്റുകളോ ഹോട്ടലുകളോ ഇല്ലെന്നു ചുരുക്കം. ചെറിയ ചില കടകളുണ്ട്. കഴിക്കാനായി എന്തെങ്കിലുമൊക്കെ ഇവിടെ കാണും. വിശപ്പ് അകറ്റാൻ അതു സഹായിക്കും.

കാഴ്‌ചകൾ നിറച്ചു വച്ചിരിക്കുന്ന ഒരു ലക്ഷ്യം തേടി യാത്ര ചെയ്യുന്നവർക്ക് ഇവിടം സ്വർഗമാകില്ല. പകരം പോകുന്ന വഴിയിലുടനീളം ആസ്വദിച്ചു നീങ്ങാനുള്ള കാഴ്‌ചകളാണ് കിണ്ണകൊരൈ കാത്തുവച്ചിരിക്കുന്നത്. ഗവിയിലേക്കുള്ള യാത്ര പോലെ ഏറെ മനോഹരമാണ് ഇവിടേക്കുള്ള പാതയും. കാടിനു നടുവിലൂടെ, ചെറിയ തണുപ്പെല്ലാം ആസ്വദിച്ചു മുന്നോട്ടു പോകാം. ഇടയ്ക്കു കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തിനേയുമൊക്കെ കാണുവാൻ കഴിയും. കിണ്ണകൊരൈയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോഴേ സ്വീകരിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടമാണ്. അവിടെ നിന്നുമാണ് കാഴ്‌ചകളും യാത്രയും ആരംഭിക്കുന്നത്. മുടിപ്പിന്നലുകൾ പോലെയുള്ള നാൽപ്പത്തിമൂന്നു വളവുകൾ കയറി ചെല്ലുമ്പോൾ മഞ്ഞുപെയ്യുന്ന മഞ്ചുരെത്തും. ഓരോ വളവുകളും കയറി മുകളിലേക്ക് ചെല്ലുംതോറും തണുപ്പും കൂടിക്കൂടി വരും. മഞ്ചൂർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മഞ്ഞും തണുപ്പും ഒരുമിച്ചു ചേർന്നാണ് ആ യാത്രയെ ഏറെ സുഖകരമാക്കുന്നത്. ഇവിടെ നിന്നും താഴേക്ക് നോക്കിയാൽ കയറി വന്ന വഴികളെല്ലാം പുതച്ചുമൂടി ചുരുണ്ടു കിടക്കുന്നതു കാണാം.
മഞ്ചൂരിൽ നിന്നും യാത്ര നീളുന്നത് കിണ്ണകൊരൈയിലേക്കാണ്. കോടമഞ്ഞുള്ളതു കൊണ്ടുതന്നെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഹെഡ്‌ലൈറ്റ് ഉണ്ടെങ്കിൽ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. ആ വഴിയിലുടനീളം മാസങ്ങളോളം കൊഴിയാതെ നിൽക്കുന്ന ഊട്ടിപ്പൂക്കൾ കാണാം.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണകൊരൈ. ഭക്ഷണത്തിനും താമസത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല. ആനയിറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് രാത്രിയിൽ യാത്രയ്ക്ക് അനുമതിയില്ല. ഏറ്റവുമടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ ലവ്ഡേൽ ആണ്. കിണ്ണകൊരൈയ്ക്ക് 45 കിലോമീറ്റർ അപ്പുറത്താണ് അത് സ്ഥിതിചെയ്യുന്നത്.
#land #covered #snow #journey #beautiful #Gavi
