(www.truevisionnews.com) ഇനിയും ആലോചിച്ചുനിൽക്കാൻ സമയമില്ല. വൈകുന്ന ഓരോ നിമിഷത്തിനും ജീവിതത്തിന്റെ വിലയുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു.

കേരളത്തിന്റെ ഭാവിക്കുമേൽ ഇരുട്ടുവീഴ്ത്തിത്തുടങ്ങി ലഹരി. നമ്മുടെ കുട്ടികളിൽ ചിലർക്കെങ്കിലും മനുഷ്യത്വം കൈമോശം വരുന്നുവെന്ന യാഥാർഥ്യം അപായഭീഷണിമുഴക്കി ഇപ്പോൾ കേരളത്തിനു മുന്നിലുണ്ട്. അവരുടെ വെല്ലുവിളികളും കൊലവിളികളും സമൂഹമനഃസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നു.
അവരിൽ സാമൂഹികബോധം വളർത്താൻ, കുട്ടിത്തം തിരിച്ചുകൊണ്ടുവരാൻ എന്താണു മാർഗമെന്ന ചോദ്യത്തിനുള്ള മറുപടി ഈ കാലത്തിന്റെ അടിയന്തരാവശ്യമായിക്കഴിഞ്ഞു. പുതുതലമുറയിൽ സ്വന്തം ജീവിതത്തെയും ഏറെ പ്രതീക്ഷകളുമായി ഒപ്പമുള്ള രക്ഷിതാക്കളെയും സമൂഹത്തെയും മറന്ന്, ലഹരിക്കടിമയാകുന്നതു കണ്ടുള്ള നടുക്കമാകട്ടെ ഈ നാടിന്റെ ഉറക്കംകെടുത്തുകയാണിന്ന്.
അതീവഗുരുതരമായിക്കഴിഞ്ഞു സാഹചര്യം. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ മരണം നമ്മുടെ നെഞ്ചിൽ വിങ്ങുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള തീരുമാനം നമ്മൾ തന്നെ ആർജിച്ചെടുക്കണം.
കുഞ്ഞുങ്ങളെ നേർവഴിയിലേക്കു കൈപിടിച്ചുനടത്താൻ വർഷങ്ങൾക്കുമുൻപു തുടങ്ങിവച്ച ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒആർസി) എന്ന പദ്ധതി സജീവമാക്കേണ്ട വേളയാണിത്.
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, തദ്ദേശ ഭരണ വകുപ്പുകൾ, വിവിധ സർക്കാരിതര സന്നദ്ധ പ്രസ്ഥാനങ്ങൾ, അധ്യാപക – രക്ഷാകർതൃ സമൂഹം എന്നിവയെ കോർത്തിണക്കി സംസ്ഥാന സാമൂഹികനീതി വകുപ്പു നടപ്പാക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ഒആർസി. എല്ലാ ആഴ്ചയും സ്കൂളുകളിൽ കുട്ടികളെ സന്ദർശിക്കുക, കൗൺസലിങ് നൽകുക തുടങ്ങി ഒആർസി ചെയ്യേണ്ട ചുമതലകളെല്ലാം കൃത്യമായി ചെയ്തിരുന്നെങ്കിൽ ഇതിനകം വലിയ മാറ്റങ്ങൾ ഉണ്ടായേനെ.
ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിക്കും അക്രമത്തിനുമെതിരെ നാം നടത്തുന്ന പോരാട്ടം. കക്ഷിരാഷ്ട്രീയഭേദമില്ലാത്ത ഒരുമയാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം. സൂക്ഷ്മശ്രദ്ധയോടെവേണം ഈ വിഷയം കൈകാര്യം ചെയ്യാൻ.
#threat #danger #sounding #addiction #beginning #cast #shadow #over #Kerala #future
