മുംബൈ: (truevisionnews.com) ജനുവരി 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ഒരുങ്ങുന്ന ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
ഒരു വർഷത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരും.സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. അക്സർ പട്ടേൽ വൈസ് ക്യാപ്റ്റനാകും.
പരിക്ക് മാറി രാജ്യാന്തര ക്രിക്കറ്റിൽ പന്ത് സജീവമായെങ്കിലും ട്വന്‍റി20യിൽ സഞ്ജു തന്നെ തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറേലാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പർ.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ നിതീഷ് റെഡ്ഡിയും ട്വന്‍റി20 ടീമിലെത്തി.25ന് ചെന്നൈ, 28ന് രാജ്കോട്ട്, 31ന് പുണ, രണ്ടിന് വാങ്കഡെ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
ജിതേഷ് ശർമക്കും പകരക്കാരനായാണ് ജുറേൽ ടീമിലെത്തിയത്. സഞ്ജു ഓപ്പണറാകും. പരിക്കു കാരണമാണ് റിയാൻ പരാഗിനെ ഒഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ മൂന്നു ഏകദിന പരമ്പയും കളിക്കുന്നുണ്ട്.
ഷമിക്കു പുറമെ, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ. സ്പിന്നർമാരായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി.
സൂര്യകുമാറിനെ കൂടാതെ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരാണ് ടീമിലെ ബാറ്റർമാർ.
2023 നവംബറിൽ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 24 വിക്കറ്റുകളുമായി ടൂർണമെന്‍റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായിരുന്നു. താരത്തിന്‍റെ മടങ്ങിവരവ് ഇന്ത്യൻ പേസ് ആക്രമണത്തിന് കൂടുതൽ കരുത്തുപകരും.
ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 11 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിൽ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ചു വിക്കറ്റും നേടിയിരുന്നു.
ചാമ്പ്യൻസ് ട്രോഫി ടീമിലും താരം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
ശനിയാഴ്ച വൈകീട്ടാണ് ബി.സി.സി.ഐ ആസ്ഥാനത്ത് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നത്.
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് വർമ, തിലക് വർമ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറേൽ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി. വാഷിങ്ടൺ സുന്ദർ തുടങ്ങിയവരാണ് ഇന്ത്യൻ ടീമിലുള്ളത്.
#Shami #returned #team #Sanju #wicketkeeper #BCCI #announced #Indian #team #England #Twenty#20 #series