---
title: "#keralaschoolkalolsavam2025 | സമാപന ദിവസത്തിലും ആരവം തീർത്ത് ഗോത്ര കലകൾ "
english_title: "#Gotra #arts #are #also #performed #on #concluding #day #keralaschoolkalolsavam2025 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261973/gotra-arts-are-also-performed-on-concluding-day-keralaschoolkalolsavam2025-new"
published_at: "2025-01-08T14:54:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e462e92e82_1.jpg"
keywords: []
---

# #keralaschoolkalolsavam2025 | സമാപന ദിവസത്തിലും ആരവം തീർത്ത് ഗോത്ര കലകൾ 

> **Lead Summary:** **തിരുവനന്തപുരം: 6**3മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് 10 വേദികളിലായി ഒൻപതു മണിക്ക് തുടങ്ങിയ കലാ മത്സരങ്ങൾ ഉച്ചയോടെ അവസാനിച്ചു.

## Article Content

**തിരുവനന്തപുരം: 6**3മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് 10 വേദികളിലായി ഒൻപതു മണിക്ക് തുടങ്ങിയ കലാ മത്സരങ്ങൾ ഉച്ചയോടെ അവസാനിച്ചു.

നാടോടി നൃത്തം, ഇംഗ്ലീഷ് സ്കിറ്റ്, കേരളനടനം, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം, വയലിൽ, ട്രിപ്പിൾ ജാസ്, വഞ്ചിപ്പാട്ട്, ഇരുളന നൃത്തം, പളിയ നൃത്തം എന്നിവയായിരുന്നു അവസാന ദിനമായ ഇന്ന് നടന്ന മത്സരങ്ങൾ.

പളിയ നൃത്തം, ഇരുള് നൃത്തം എന്നിവ ഗോത്ര കലാ വിഭാഗത്തിൽ ആദ്യമായാണ് കലോത്സവ വേദികളിൽ എത്തുന്നത്.

ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയർ എന്ന ആദിവാസി വിഭാഗക്കാർക്കിടയിൽ അവതരിപ്പിച്ചു വരുന്ന കലാരൂപമാണ് പളിയ നൃത്തം. മഴയ്ക്കും രോഗശമനത്തിനുമായാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഇരുള വിഭാഗക്കാർക്കിടയിൽ അവതരിപ്പിച്ചു പോരുന്ന ഗോത്ര കലയാണ് ഇരുള നൃത്തം. വിവാഹം, മരണം, ജനനം, പ്രായപൂർത്തിയാക്കൽ എന്നീ ആഘോഷങ്ങൾക്കാണ് ഇരുള നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത്.

ഇത്തരം കലകൾ ഗോത്ര വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി പോകാതെ പുറംലോകത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ സ്കൂൾ കലോത്സവത്തിൽ ഇത് കൂട്ടിച്ചേർത്തത്.

ഈ മത്സരങ്ങൾക്ക് പങ്കെടുത്ത സ്കൂളുകൾ ഇത്തരം കലാരൂപങ്ങൾ ആചാരമായി അനുഷ്ഠിക്കുന്ന വിഭാഗങ്ങളിലെ വ്യക്തികളെ നേരിട്ട് വിളിച്ചാണ് പരിശീലനം നേടിയത്.

ഇതിലൂടെ ഈ കലാരൂപങ്ങൾ പുറംലോകം അറിയുക മാത്രമല്ല പ്രസ്തുത സമുദായത്തിലെ കലാകാരന്മാർക്ക് സമൂഹത്തിനു മുന്നിലേക്ക് കടന്നു വരാനുള്ള ഒരു അവസരം കൂടിയാണ് കലോത്സവവേദികൾ തുറന്നു കൊടുക്കുന്നത്.

ഇതുകൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ മംഗലം കളി, മലപുലയാട്ടം എന്നിവയും മത്സരാർത്ഥികൾ അവതരിപ്പിച്ചു. കാട്ടിൽ നിന്ന് നാട്ടിലേക്കുള്ള സംസ്കാരത്തിന്റെ ഒഴുക്ക് പഴയ തലമുറയിൽ നിന്നും പുതിയ തലമുറയിലേക്കുള്ള ചുവട് മാറ്റത്തെയും സൂചിപ്പിക്കുന്നു.

സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശി എന്ന മലയാള ചിത്രത്തിലൂടെ പുറംലോകം അറിഞ്ഞ ഒരു കലയാണ് ഇരുള നൃത്തം. നഞ്ചിയമ്മയുടെ ഇരുള ഗാനവും കലോത്സവ വേദികളിൽ കുട്ടികൾ ആഘോഷമാക്കി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261973/gotra-arts-are-also-performed-on-concluding-day-keralaschoolkalolsavam2025-new)