മുംബൈ: (truevisionnews.com) മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ദൃക്‌സാക്ഷിയായ വ്യവസായിയെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു.
മുംബൈയിലെ താനെ ജില്ലയിലാണ് സംഭവം. വ്യവസായിയായ മുഹമ്മദ് തബ്രീസ് അൻസാരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
ക്വട്ടേഷൻ നൽകിയവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും വെടിയുതിർത്തയാളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഷോപ്പിങ് സെന്ററിലെത്തിയ പ്രതികൾ അൻസാരിയുടെ അരുകിലെത്തി നെറ്റിയിൽ വെടിയുതിർത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.
മീരാ റോഡിലെ ശാന്തി ഷോപ്പിങ് സെന്ററിൽ വെച്ചായിരുന്നു സംഭവം. മീരാറോഡിലെ മറ്റൊരു കടയുടമയുടെ ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ ദൃക്സാക്ഷിയാണ് അൻസാരി.
യൂസഫ് എന്നയാളായിരുന്നു അതിക്രമത്തിന് പിന്നിൽ. സംഭവത്തിൽ സാക്ഷി പറഞ്ഞതിന് പിന്നാലെ അൻസാരിക്കെതിരെ നിരവധി തവണ വധഭീഷണിയെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഇദ്ദേഹം പൊലീസിൽ പരാതിയും നൽകിയിരുന്നു.
കൊലപാത വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വരികയാണ്. അൻസാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.
അതേസമയം വ്യാഴാഴ്ച രണ്ട് യുവാക്കൾ അൻസാരിയെ വന്ന് കണ്ടിരുന്നുവെന്ന് കടയുടമയായ യുവാവ് പൊലീസിനോട് പറഞ്ഞു. അൻസാരിയെ കൊല്ലാൻ തങ്ങൾക്ക് കരാർ ലഭിച്ചിട്ടുണ്ട് എന്നായിരുന്നു രണ്ടംഗ സംഘം പറഞ്ഞതെന്നും കടയുടമ പറഞ്ഞു.
#pregnant #woman #raped #only #eyewitness #case #shot #dead