ആയൂർ ( കൊല്ലം): ( www.truevisionnews.com ) വയ്ക്കൽ–ഒഴുകുപാറയ്ക്കൽ റോഡിൽ കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു.
പൂർണമായും കത്തി നശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആയൂർ ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ (മറ്റപ്പള്ളിൽ) റോബിൻ മാത്യുവിന്റെ മകൻ ലെനീഷ് റോബിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി കമ്പനി ഉദ്യോഗസ്ഥനാണ്.
അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം.
ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. എംസി റോഡിൽ വയയ്ക്കലിൽ നിന്നുള്ള റോഡിൽ പഴയ ബവ്റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം.
റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്.
അപകടം നടന്ന ഭാഗം വിജനമായതിനാൽ വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.
പൂർണമായും കത്തിയ കാറിൽ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമയ്ക്കു പോകുന്നതായി വീട്ടുകാരോടു പറഞ്ഞ ശേഷമാണ് വീട്ടിൽ നിന്നു പോയത്.
രാത്രി 10.30 വരെ വാട്സാപ് സന്ദേശങ്ങൾക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു.
രാവിലെയും ലെനീഷ് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകി.
ഇതിനു ശേഷമാണ് ബന്ധുക്കൾ അപകട വിവരം അറിയുന്നത്.കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.
മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പൊലീസ് കേസെടുത്തു. ഭാര്യ: നാൻസി. മകൾ: ജിയോണ.
#left #home #watch #movie #burnt #bodyfound #car #Kollam #ITcompany #official