ബെംഗളൂരു: (truevisionnews.com) ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ
ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയാരായ 39 വയസ്സുകാരനെ കള്ളപ്പണം വെളുപ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാർ കാർഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്.
നവംബർ 25 മുതൽ ഡിസംബർ 12 വരെയാണ് തട്ടിപ്പ് നടന്നത്.
നവംബർ 11ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ വിളിക്കുന്നത്.
എൻജിനീയറുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും ഉപദ്രവകരമായ സന്ദേശങ്ങൾ അയയ്ക്കാനും ഉപയോഗിച്ചുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് മുംബൈ കൊളാബ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നും ഇയാൾ അറിയിച്ചു.
തുടർന്ന് പൊലീസ് സ്റ്റേഷനിൽനിന്നാണെന്ന് പരിചയപ്പെടുത്തി മറ്റൊരു ഫോൺ കോളുമെത്തി. ഇയാളാണ് ആധാർ കാർഡ് കള്ളപ്പണം വെളുപ്പിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉപയോഗിച്ചുവെന്ന് പറയുന്നത്.
ഇക്കാര്യം രഹസ്യമായി വയ്ക്കണമെന്നും വെർച്വൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ നേരിട്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് വിഡിയോ കോളിനുള്ള ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചു.
അത് അനുസരിച്ചതോടെ പൊലീസ് യൂണിഫോം ധരിച്ചെത്തിയയാൾ വീഡിയോ കോളിലെത്തുകയും എൻജിനിയറുടെ ആധാർ കാർഡുപയോഗിച്ച് ഒരു വ്യവസായി വ്യാജ ബാങ്ക് അക്കൗണ്ട് തുറന്ന് ആറ് കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
പിന്നീട് നവംബർ 25ന് വെരിഫിക്കേഷൻ നടപടികൾക്കുവേണ്ടിയെന്നു പറഞ്ഞ് ഏതാനും അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെട്ടു.
പലതവണയായി 11.8 കോടി രൂപ എൻജിനീയർ തട്ടിപ്പുകാർക്ക് കൈമാറി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം പൊലീസിൽ വിവരമറിയിച്ചത്.
#Digital #Arrest #scam #Software #engineer #loses #Rs11.8 #crore