ആലപ്പുഴ : (truevisionnews.com) കരുവാറ്റയിലെ എടിഎമ്മിൽ നിന്നു പണം കവർന്ന കേസിൽ രണ്ട് ഉത്തരേന്ത്യക്കാർ അറസ്റ്റിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരാണ് അറസ്റ്റിലായത് .
38 എടിഎം കാർഡുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ള സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ എടിഎമ്മിൽ നിന്നും പതിനായിരം രൂപ കവർന്നത്. എടിഎം കാർഡ് ഇട്ട ശേഷം മെഷീനിന്റെ മുൻഭാഗം തുറന്നാണ് പ്രതികൾ മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പുതിയ രീതിയിൽ ഉള്ള മോഷണമാണിതെന്ന് പൊലീസ് പറയുന്നു. പ്രതികൾ മോഷണത്തിന് എത്തിയ സ്കൂട്ടറിൻ്റെ നമ്പർ വ്യാജമായിരുന്നു.
തുടർന്ന് വെള്ള നിറത്തിലുള്ള സ്കൂട്ടറുകൾ പൊലീസ് നിരീക്ഷിച്ചു. പ്രതികൾ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് നിർണായകമായി.
കലവൂരിൽ നിന്നാണ് പ്രതികൾ സ്കൂട്ടർ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് കണ്ടെത്തി. സ്കൂട്ടർ തിരികെ ഏൽപ്പിക്കാൻ എത്തിയപ്പോൾ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഇവരുടെ ബാഗിൽ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എടിഎം കാർഡുകൾ വ്യാജമായി നിർമിച്ചതാണോ മോഷ്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതികൾ യുപിയിലേക്കു കടക്കുന്നതിനുള്ള തയാറെടുപ്പിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
#case #stealing #money #from #ATM #two #people #arrested