ചെന്നൈ: (truevisionnews.com) ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികൾ.
തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണാണ് അബദ്ധത്തിൽ ക്ഷേത്രഭണ്ഡാരത്തിൽ വീണത്.
ഷർട്ടിന്റെ പോക്കറ്റിൽനിന്ന് നോട്ടുകൾ എടുക്കുന്നതിനിടെ ഐഫോൺ ഭണ്ഡാരപ്പെട്ടിയിൽ വീഴുകയായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. തുടർന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭണ്ഡാരത്തിൽ വഴിപാട് വെച്ചാൽ അതുപിന്നെ ദൈവത്തിൻ്റേതാണ് എന്ന മറുപടിയാണ് ഭാരവാഹികൾ നൽകിയത്.
ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കൽ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും ദിനേശിന് മറുപടി നൽകി. തുടർന്ന് ദിനേശ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് അധികൃതർക്ക് പരാതി നൽകി.
ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു. എന്നാൽ ഫോൺ നൽകില്ലെന്നും സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റയും എടുക്കാമെന്നുമാണ് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. ദിനേശ് ഫോൺ ഭണ്ഡാരപ്പെട്ടിയിൽ ഇട്ടതാകാമെന്നും പിന്നീട് മനസ്സ് മാറിയതാണെന്നും ഇവർ പറയുന്നു.
ഇരുമ്പ് കമ്പിനെറ്റ് കൊണ്ട് നന്നായി കവർ ചെയ്ത ഭണ്ഡാരപ്പെട്ടയിലേക്ക് ഫോൺ അബദ്ധത്തിൽ വീഴാനുള്ള സാധ്യത കുറവാണെന്നും ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ പ്രതികരിച്ചു.
ഭണ്ഡാരപ്പെട്ടി തുറക്കുന്നതും അതിൽ നിന്ന് ഫോൺ കിട്ടുന്നതും എക്സിൽ പങ്കുവെച്ച വീഡിയോയിൽ കാണാം. നിരവധി പ്രതികരണങ്ങളാണ് പോസിറ്റിന് പിന്നാലെ പുറത്തുവരുന്നത്.
#temple #officials #refused #return #iPhone #fell #treasury