( www.truevisionnews.com) നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഐഎഫ്എഫ്‌കെയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ഉദ്ഘാടന ചിത്രം 'ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിച്ചത്.
ചലച്ചിത്രാസ്വാദകരുടെ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പ്രദർശനം. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
1970കളുടെ തുടക്കത്തിൽ ബ്രസീലിൽ സൈനിക സ്വേച്ഛാധിപത്യത്തിന് കീഴിൽ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.
വിമത രാഷ്ട്രീയ പ്രവർത്തകനായ ഭർത്താവിനെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകൻ.
പ്രതിസന്ധിയിൽപ്പെട്ട കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും അതിശക്തമായ ചലച്ചിത്രഭാഷയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ചിത്രമാണ് അയാം സ്റ്റിൽ ഹിയർ.
ആഗോളതലത്തിലുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ ചിത്രത്തിന് ഐ എഫ് എഫ് കെ വേദിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ഐ ആം സ്റ്റിൽ ഹിയർ' ഉൾപ്പെടെ 11 സിനിമകളാണ് ആറ് തിയേറ്ററുകളിലായി ഇന്ന് പ്രദർശിപ്പിച്ചത്.
രാവിലെ 9.30 മുതൽ തുടങ്ങിയ പ്രദർശനങ്ങളിൽ ഡെലിഗേറ്റുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ലോക സിനിമ വിഭാഗത്തിൽ ജർമൻ സിനിമ 'ഷഹീദ്', ബ്രസീൽ-പോർച്ചുഗൽ ചിത്രം 'ഫോർമോസ ബീച്ച്', ഫ്രാൻസിൽ നിന്നുള്ള 'ഗേൾ ഫോർ എ ഡേ', റൊമേനിയൻ ചിത്രം 'ത്രീ കിലോമീറ്റേഴ്‌സ് ടു ദി എൻഡ് ഓഫ് ദി വേൾഡ്', ബ്രസീലിൽ നിന്നുള്ള 'ബേബി',ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള 'പെപ്പെ' എന്നിവ പ്രദർശിപ്പിച്ചു.
ഫീമെയിൽ ഗേസ് വിഭാഗത്തിൽ നോർവെയിൽ നിന്നുള്ള 'ലവബിൾ', സെർബിയൻ ചിത്രം 'വെൻ ദ ഫോൺ റാങ്' എന്നിവയുടെ പ്രദർശനം നടന്നു.
ലൈഫ് ടൈം അച്ചീവമെന്റ് വിഭാഗത്തിൽ ഹോങ്കോങ്ങിൽ നിന്നുള്ള 'ജൂലി റാപ്‌സഡി' , ലാറ്റിൻ അമേരിക്കൻ പാക്കേജിൽ മെക്‌സിക്കൻ ചിത്രം 'അന്ന ആൻഡ് ഡാന്റെ' എന്നിവയാണ് ആദ്യ ദിനത്തിൽ പ്രദർശിപ്പിച്ച മറ്റ് ചിത്രങ്ങൾ.
#29th #IFFK #11 #films #screened #first #day