ദില്ലി: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കുത്തികൊലപ്പെടുത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ നേരത്തെ മകനെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. പ്രിന്‍സിപ്പള്‍ മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല നടത്തുന്നതിന് മുമ്പായി പ്രിന്‍സിപ്പളിനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുണ്ട്.
പ്രിന്‍സിപ്പളിന്‍റെ മകനെ കൊല്ലാതിരിക്കാൻ പത്തു ലക്ഷം രൂപ നൽകണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുന്നത്. ഹിസാറിലെ ബാസ് ബാദ്ഷാഹ്പുരിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങ് (50) ആണ് കൊല്ലപ്പെട്ടത്.
ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടു പേരാണ് കൊല നടത്തുന്നതിന് മുമ്പായി ഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പളിന്‍റെ മകന്‍റെ ജീവൻ അപകടത്തിലാണെന്നും അതിനാൽ അങ്ങനെ സംഭവിക്കാതിരിക്കാൻ പത്തു ലക്ഷം നൽകുന്നത് വലിയ ഒരു തുകയല്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയിൽ പറയുന്നത്.
മറ്റൊരു സംഘത്തിന്‍റെ പ്രേരണയാലാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിൽ ഭീഷണി മുഴക്കിയതെന്ന് വീഡിയോ പരിശോധിക്കുമ്പോള്‍ വ്യക്തമാണെന്നും പ്രതികളായ രണ്ടു വിദ്യാര്‍ത്ഥികളെയും പിടികൂടിയാലെ വീഡിയോയുടെ കാര്യത്തിലടക്കം കൂടുതൽ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് സൂപ്രണ്ട് അമിത് യാഷ്വര്‍ധൻ പറഞ്ഞു.അധ്യാപകരെ ആദരിക്കുന്ന ഗുരു പൂര്‍ണിമ ദിവസമായ വ്യാഴാഴ്ച രാവിലെ 10.30നാണ് സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ കുത്തികൊന്നത്.
കൊലപാതകത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ കത്തി എറിഞ്ഞശേഷം ഓടി രക്ഷപ്പെടുന്നതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം തവണ പ്രിന്‍സിപ്പളിനെ കത്തി കൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Threat from students who killed school principal in hariyana
