ലഖ്നോ: (truevisionnews.com) ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി തൗഹിദ്(24) ആണ് മരിച്ചത്. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്(20),തൗസിഫ്(27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ആക്രമത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മദേരികനില്‍ താമസിക്കുന്ന തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു. തുടർന്ന് അക്രമി സംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തൗഹിദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം തൗഹിദ് വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്മാരായ താലിബ്, തൗസിഫ് എന്നിവര്‍ നിഹാല്‍ഗഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. അക്രമി സംഘം ഇരുവരെയും ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ തൗഹിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൗഹിദിൻറെ സഹോദരങ്ങൾ ചികിത്സയിൽ തുടരുകയാണ്.
#young #man #stabbed #death #dispute #over #seat #train.