തിരുവനന്തപുരം: (truevisionnews.com) മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം.ടി വാസുദേവൻ നായരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും.
മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എം.ടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം നിലനിൽക്കും.
ഹൃദയത്തിൽ നിന്നൊഴുകിയ കവിതകളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും വാക്കും. ആനന്ദവും ദുഃഖവും പ്രണയവും വിരഹവും മോഹവും മോഹഭംഗവും തുടങ്ങി മനുഷ്യമനസിന്റെ വികാരങ്ങളെല്ലാം എം.ടി അക്ഷരങ്ങളിൽ ചാലിച്ചു.
മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എം.ടിയെന്ന രണ്ടക്ഷരം. പത്രപ്രവർത്തകൻ, കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നാടകകൃത്ത് തുടങ്ങി കൈവെച്ച മേഖലയിലൂടെയെല്ലാം മാനവികതയുടെ സന്ദേശമായിരുന്നു എം.ടി കൈരളിക്ക് പകർന്നുനൽകിയത്.
വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ എം.ടിയുടെ സൃഷ്ടികൾക്കായി. കൂടല്ലൂരും നിളയും കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരുമെല്ലാം എം.ടി മലയാളിയെ പരിചയപ്പെടുത്തി.
കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തിനും വികസന പ്രവർത്തനങ്ങൾക്കും എക്കാലവും എം.ടിയുടെ ആശീർവാദമുണ്ടായിരുന്നു. മലയാളിയുടെയും മലയാളക്കരുടെയും മുന്നോട്ടുള്ള കുതിപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ എക്കാലവും മാർഗദീപമായി ജ്വലിക്കും.
പ്രിയപ്പെട്ട എം.ടിയുടെ ഓർമകൾക്ക് മുന്നിൽ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും എം.ടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം.വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
#MTVasudevanNair #two #letters #MT #magic #pen #malayalam #knew #Regards #MVGovindan