( www.truevisionnews.com ) മലയാള സാഹിത്യത്തിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചുകൊണ്ടാണ് എം.ടി വാസുദേവൻ നായർ വിട പറയുന്നത്. കാലത്തെ അതിജീവിച്ച അനശ്വരനായ ആ കഥാപാത്രങ്ങൾ വെള്ളിത്തിരയിലും സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
എഴുത്തുകാരൻ എന്നതിനൊപ്പം തന്നെ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു എം.ടി. എം.ടിയുടെ തൂലികകളിൽ വിരിഞ്ഞ പല കഥകളും, പശ്ചാത്തലങ്ങളും മലയാളത്തിന്റെ എക്കാലത്തെയും പ്രിയ ചിത്രങ്ങളായി മാറിയിട്ടുണ്ട്.
ബിരുദത്തിനു പഠിക്കുന്ന കാലത്താണ് ‘രക്തം പുരണ്ട മൺതരികൾ’ എന്ന എം.ടിയുടെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങുന്നത്. ’പാതിരാവും പകൽവെളിച്ചവും', 'നാലുകെട്ട്' തുടങ്ങിയ സാഹിത്യസൃഷ്ടികളെല്ലാം പിന്നാലെയുള്ള വർഷങ്ങളിൽ പുറത്തിറങ്ങി.
1950 കളിൽ എഴുത്തുകാരനായി പ്രസിദ്ധിയാർജ്ജിച്ച എം.ടി വാസുദേവൻ നായർ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്, 1963 ൽ മുറപ്പെണ്ണിന് വേണ്ടി തിരക്കഥയെഴുതിയാണ്. അദ്ദേഹത്തിൻ്റെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന കഥയുടെ ആവിഷ്കാരമായിരുന്നു മുറപ്പെണ്ണ്.
പിന്നീട് സാഹിത്യത്തിലെന്ന പോലെ സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി 60-ഓളം സിനിമകൾക്ക് വേണ്ടി തിരക്കഥയൊരുക്കുകയും ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 'നിർമ്മാല്യം' മുതൽ 'ഒരു ചെറുപുഞ്ചിരി' വരെ സിനിമ പ്രേമികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ എം.ടി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, കേരളവർമ്മ പഴശ്ശിരാജ,സദയം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. നാല് തവണ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം എം.ടിയെ തേടി എത്തി. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾക്കാണ് പുരസ്കരം ലഭിച്ചത്.
1973ൽ പുറത്തിറങ്ങിയ 'നിർമ്മാല്യം' എന്ന ചിത്രമായിരുന്നു ആദ്യ സംവിധാന സംരംഭം. വേദനയുടെ പൂക്കൾ എന്ന കഥാസമാഹാരത്തിലെ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം. 1973ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം, ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം എന്നിവ നേടിയ ചിത്രമാണ് 'നിർമ്മാല്യം'. രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം നേടിയ ചിത്രം കൂടിയാണ് ഇത്. അര നൂറ്റാണ്ട് പിന്നിടുമ്പോഴും 'നിർമ്മാല്യം' അതിന്റെ ശോഭ കെടാതെ മലയാളികളുടെ മനസ്സിൽ വേരുറപ്പിച്ച് നിൽക്കുകയാണ്.
ശേഷം മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറു പുഞ്ചിരി തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് എംടി സംവിധായകനായി. മലയാളികൾ ഏറെ ആഘോഷിച്ച എം.ടിയുടെ 'മഞ്ഞ്' വെള്ളിത്തിരയിൽ എത്തുന്നത് 1983 ലാണ്.
എസ്.കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടവ്. സിംഗപ്പൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ടോക്കിയോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവാർഡുകൾ നേടിയിട്ടുണ്ട്.
ഈ ചിത്രം നിർമ്മിച്ചതും എ.ടി തന്നെയായിരുന്നു. 2000 ൽ പുറത്തിറങ്ങിയ ഒരു ചെറു പുഞ്ചിരിയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ എം.ടിയുടെ സംവിധാന സംരംഭം. സിനിമയിലെ സമഗ്രസംഭാവനകൾക്ക് 2013 ൽ ജെസി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
#mtvasudevannair #screenwriter #director #who #made #mark #Malayalam #film #industry