കോഴിക്കോട്: (www.truevisionnews.com) പ്ലസ് ടു കോഴക്കേസിലെ സുപ്രിംകോടതി വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടിയെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി.
ഭരണകൂട ഗൂഢാലോചനയാണ് നടന്നത്. സർക്കാരെടുത്ത കേസിന്റെ കൂടെ ഇഡിയുടെ കേസും തള്ളിപ്പോയി.
അധികാരം ഉപയോഗിച്ച് പൊതുപ്രവർത്തകരെ വേട്ടയാടാനിറങ്ങിയതിന്റെ ഉദാഹരണമാണ് താനെന്നും കെ.എം ഷാജി പറഞ്ഞു.
സിപിഎമ്മും പിണറായി വിജയനും രാഷ്ട്രീയ പകയോടെ പിന്തുടര്ന്ന് വേട്ടയാടിയെന്നും പിണറായി സര്‍ക്കാറിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇഡിയും കൈകോര്‍ത്താണ് വേട്ടയാടിയതെന്നും ഷാജി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതിന്റെ അനുബന്ധമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കളളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു. കണ്ണൂരില്‍ സിപിഎമ്മിന്റെ കോട്ടകുലുക്കി അഴീക്കോട്ട് രണ്ടു തവണ ജയിച്ചതോടെ പക തുടങ്ങി.
പിണറായി സര്‍ക്കാരിന്റെയും വിശിഷ്യാ മുഖ്യമന്ത്രിയുടേയും മാഫിയ ബന്ധം തുറന്നെതിര്‍ത്തതോടെയാണ് വിദ്വേഷം പാരമ്യത്തിലെത്തിയതെന്നും ഷാജി കൂട്ടിച്ചേർക്കുന്നു.
പൊതുപ്രവര്‍ത്തകനെ രാഷ്ട്രീയ പകയോടെ വേട്ടയാടുകയും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തതിന് മാപ്പു പറയാനുള്ള മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അവരത് ചെയ്യണം.
കള്ളക്കേസെടുത്ത് പിന്തുടര്ന്ന്, വേട്ടയാടി, ഭയപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായിയുടെ മനകോട്ടയാണ് കോടതി പൊളിച്ചടുക്കിയത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ചേര്‍ത്തുപിടിച്ച നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും ഷാജി വ്യക്തമാക്കുന്നുണ്ട്.
ദുര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജമാണ് സുപ്രിംകോടതി വിധിയോടെ കൈവന്നതെന്നും കെ.എം ഷാജി പറഞ്ഞു.
2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.
എന്നാല്‍ 2022 ജൂണ്‍ 19 ന് കേസില്‍ കെ.എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് പിണറായി സര്‍ക്കാരും പിന്നാലെ ഇഡിയും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
#PlusTwo #corruptioncase #verdict #PinarayiVijayan #Slapped #KMShaji