ലണ്ടൻ: (truevisionnews.com) യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിന് തിരിച്ചടി. ലിവർപൂളിനെതിരെയുള്ള അടുത്ത മത്സരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ കളിക്കില്ല.
കഴിഞ്ഞദിവസം ലാ ലിഗയിൽ ലെഗനീസിനെതിരെ കളിച്ചപ്പോൾ താരത്തിന്‍റെ ഇടതുകാലിൽ മസിലിൽ പരിക്ക് കണ്ടെത്തിയതിനെ തുടർന്നാണ് അടുത്ത മത്സരത്തിൽ താരം കളിക്കില്ല എന്ന് ക്ലബ് പത്രക്കുറിപ്പിൽ അറിയിച്ചത്.
തകർപ്പൻ ജയം നേടിയ കഴിഞ്ഞ മത്സരത്തിൽ റയലിനായി 90 മിനിറ്റും വിനീഷ്യസ് കളിച്ചിരുന്നു. റയൽ മെഡിക്കൽ സംഘം നടത്തിയ വൈദ്യ പരിശോധനയിലാണ് താരത്തിന്‍റെ ഇടതുകാലിന്‍റെ മസിലിൽ പരിക്ക് കണ്ടെത്തിയത്.
റയലിന്‍റെ ലാ ലിഗ ഉൾപ്പെടെയുള്ള ഏതാനും മത്സരങ്ങളും താരത്തിന് നഷ്ടമാകും.
റോഡ്രിഗോ, എദർ മിലിറ്റാവോ, ഡാനി കാർവഹാൽ, ലൂകാസ് വസ്ക്വസ്, ഡേവിഡ് അലാബ എന്നിവരുടെ പരിക്കിൽ റയൽ വലയുന്നതിനിടെയാണ് മറ്റൊരു സൂപ്പർതാരം കൂടി പരിക്കേറ്റ് ടീമിന് പുറത്താകുന്നത്.
വരാനിരിക്കുന്ന മത്സരങ്ങളിൽ താരത്തിന്‍റെ അഭാവം ക്ലബിന് വലിയ തിരിച്ചടിയാണ്. ലാ ലിഗയിൽ അത്ലറ്റിക് ക്ലബ്, ജിറോണ, അറ്റ്ലാന്‍റ തുടങ്ങിയ ക്ലബുകൾക്കെതിരെ ടീമിന് മത്സരങ്ങളുണ്ട്. കൂടാതെ, ഡിസംബർ 18ന് ഖത്തറിൽ നടക്കുന്ന ഫിഫ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ഫൈനലിനും റയൽ കളിക്കാനിറങ്ങുന്നുണ്ട്.
കളിച്ച നാലു മത്സരങ്ങളും ജയിച്ച് 12 പോയന്‍റുമായി ലിവർപൂളാണ് ചാമ്പ്യൻസ് ലീഗ് പട്ടികയിൽ ഒന്നാമത്. തകർപ്പൻ ഫോമിലുള്ള ആർനെ സ്ലോട്ടിന്‍റെ സംഘം ഇംഗ്ലീഷ് പ്രീയിമർ ലീഗിലും ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. രണ്ടു വീതം ജയവും തോൽവിയുമായി റയൽ ചാമ്പ്യൻസ് ലീഗിൽ 18ാം സ്ഥാനത്താണ്.
#Injury #Vinicius #Realmadrid #Champions League