ലഖ്നോ: (truevisionnews.com) യു.പിയിലെ ഝാൻസിയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആശുപത്രി ഭരണസമിതിയെ വിമർശിച്ച് പ്രതിപക്ഷം.
സമാജ്‍വാദി പാർട്ടിയാണ് മഹാറാണ് ലക്ഷ്മി ഭായി മെഡിക്കൽ കോളജ് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത്.
യോഗി ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ആശുപത്രികൾ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും പ്രതീകമായി മാറിയെന്നും എസ്.പി ആരോപിച്ചു.
അതേസമയം, തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പരിക്കേറ്റ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിനും യു.പി സർക്കാർ ഉത്തരവിട്ടത്.
ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാറുമായി ചേർന്ന് പ്രാദേശിക ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യമുണ്ടായിരുന്നു.
നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്.
അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#Hospitalfire #lakh #compensation #families #dead #children #Criticized #opposition