ബെയ്ജിങ്: (truevisionnews.com) നഖത്തിലെ ഫംഗസ് ബാധ നീക്കം ചെയ്യാൻ മസാജ് പാർലറിൽ ചികിത്സ തേടിയ നാലു വയസ്സുകാരന് കൈവിരൽ നഷ്ടമായി.
ചൈനയിലെ ചോങ് ക്വയിൻ മുനിസിപ്പാലിറ്റിയിലാണ് സംഭവം. മകന്റെ ഇടത് ചൂണ്ടുവിരൽ നഖത്തിലെ ഫംഗസ്ബാധ നീക്കാൻ പിതാവ് ഫൂട്ട് മസാജ് പാർലറിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വെച്ച് 'നെയിൽ റിമൂവിംഗ് ക്രീം' വിരലിൽ ഉപയോഗിക്കുകയും ഒരു ഇലാസ്റ്റിക് ബാന്‍റേജ് വിരലിൽ കെട്ടിവെക്കുകയും ചെയ്തു.
7000 രൂപയോളമാണ് ചികിത്സയ്ക്കു വേണ്ടി ചെലവായത്. രണ്ടു ദിവസത്തിനു ശേഷം കുട്ടിയുടെ വിരൽ മരവിച്ചതായും കറുപ്പ് നിറമാവുന്നതായും ശ്രദ്ധയിൽപ്പെട്ട പിതാവ് ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
ബാന്‍റേജ് മുറുക്കി ചുറ്റിയതിനാൽ കുട്ടിയുടെ വിരലുകൾ രക്തയോട്ടം നഷ്‌ടപ്പെട്ട് കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്ന ഗുരുതരമായ അവസ്ഥയിലെത്തിയതായി കണ്ടെത്തി.
കൂടുതൽ അണുബാധ ഉണ്ടാവാതിരിക്കാൻ വിരലുകൾ മുറിച്ചു മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. നേരത്തെ, ഫംഗസ് നീക്കാൻ ചികിത്സ തേടിയ പാർലറിന്‍റെ ഉടമയിൽ നിന്ന് നഷ്ടപരിഹാരമായി പിതാവ് 23 ലക്ഷം ആവശ്യപ്പെട്ടിരുന്നു.
തുക വളരെ കൂടുതലാണെന്ന് പറഞ്ഞ് കടയുടമ നഷ്ടപരിഹാരം നല്കാൻ തയാറായില്ല. തുടർന്ന് പ്രാദേശിക ജില്ലാ ഉപഭോക്തൃ കൗൺസിലിൽ പിതാവ് പരാതി നൽകി.
അന്വേഷണത്തിൽ നെയിൽ റിമൂവിംഗ് ക്രീമിന് ശരിയായ ലൈസൻസ് ഇല്ലെന്നും കടയുടെ പേര് അവരുടെ ബിസിനസ് ലൈസൻസിൽ നിന്ന് വ്യത്യസ്തമാണെന്നും കൗൺസിൽ കണ്ടെത്തി.
ഫൂട്ട് മസാജ് പാർലർ താൽക്കാലികമായി നിർത്തിവെക്കാനും കുട്ടിയുടെ കുടുംബത്തിന് 19 ലക്ഷം നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കൗൺസിൽ ഉത്തരവിട്ടു.
#Treatment #sought #remove #fungalinfection #four #year #old #boy #lost #finger