നിലമ്പൂര്‍: ( www.truevisionnews.com ) വയനാട് 900 കണ്ടിയില്‍ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയുടെ കുടുംബമാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം പോയ നിഷ്മ മാത്രം എങ്ങനെ അപകടത്തില്‍പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സുഹൃത്തുക്കള്‍ക്കൊപ്പം ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞാണ് നിഷ്മ പോയത്. എന്നാല്‍ ടെന്റില്‍ അപകടത്തില്‍പെട്ടത് നിഷ്മ മാത്രമാണ്. കൂടെ പോയ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല, രക്ഷപ്പെടുത്താന്‍ പോയവര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.
ആരുടെ കൂടെയാണ് പോയത് എന്നും അറിയില്ല. ഇതില്‍ വ്യക്തത വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അന്നേ ദിവസം മൂന്ന് തവണ നിഷ്മ വിളിച്ചിരുന്നു. ഉച്ചയ്ക്ക് മുമ്പാണ് വിളിച്ചത്. പിന്നീട് ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. രാത്രി വിളിച്ചപ്പോള്‍ റേഞ്ച് ഇല്ലാത്തതിനാല്‍ വ്യക്തമായില്ല. 12.30-നായിരുന്നു അപകടം എന്നാണ് വിവരം.
രാത്രി അവിടെ എന്താണ് സംഭവിച്ചത് എന്നറിയില്ല. ഒരപകടം ഉണ്ടാവുമ്പോള്‍ ഒരാള്‍ മാത്രം അതില്‍പ്പെടുകയില്ല, ഈ വിഷയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തണം എന്നും കുടുംബം ആവശ്യപ്പെട്ടു.
മാത്രമല്ല, കൊലക്കുറ്റത്തിന് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസ് എടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഴയില്‍ പുല്ലുകൊണ്ട് മേഞ്ഞ ടെന്റില്‍ വെള്ളം കെട്ടി നിന്ന് ഭാരം കൂടി പൊട്ടിവീഴുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമകളുടെ വാദം. ഇത്ര സുരക്ഷിതമല്ലാത്ത ടെന്റ് എന്തിനാണ് താമസിക്കാന്‍ നല്‍കിയത്. ആ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, നിഷ്മയുടെ കുടുംബം ആവശ്യപ്പെട്ടു.
900 ventures resort meppadi neeshma death wayanad 900 kandi
