കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി പാലേരിയില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. പാലേരി, ചെറിയ കുമ്പളം കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബര്‍ദമാന്‍ സ്വദേശിയായ ചെറിയ കുമ്പളത്ത് വാടകക്ക് താമസിക്കുന്ന സയീദ് സേഖ് (25) ആണ് പൊലീസിന്റെ പിടിയിലായത്.

പ്രദേശത്തെ കോണ്‍ക്രീറ്റ് തൊഴിലാളിയായ ഇയാളില്‍ നിന്ന് ഒന്നേകാല്‍ കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഇയാള്‍ കഞ്ചാവ് പേയ്ക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലേരി, ചെറിയ കുമ്പളം, കുറ്റ്യാടി ഭാഗങ്ങളില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സജീവമായതില്‍ നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു.
ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലെ ജില്ലാ നാര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ ബിജുരാജിന്റെയും ജൂനിയര്‍ എസ്‌ഐ സനേഷിന്റെയും നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.
എഎസ്‌ഐ സദാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി വിനീഷ്, ലാലു, സിപിഒ മാരായ ബോബി, സിഞ്ചുദാസ്, ജയേഷ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരി വില്‍പനക്കാരെപ്പറ്റി വിവരങ്ങള്‍ ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ക്ക് കൈമാറണമെന്നും ലഹരി വില്‍പ്പനക്കാര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.
Concrete worker arrested ganja Paleri, Kozhikode
