തിരുവനന്തപുരം: (truevisionnews.com)നിയമനത്തിന് കോഴ വാങ്ങിയ കേസിൽ തിരുവനന്തപുരം മുട്ടട സ്വദേശിയും പൊതുഭരണവകുപ്പിലെ അഡീഷണൽ സെക്രട്ടറിയുമായ കെ.കെ.ശ്രീലാലിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
2019-20-ൽ ഡെപ്യൂട്ടേഷനിൽ ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്നപ്പോൾ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.
വകുപ്പുതല അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടർന്നാണ് കടുത്ത നടപടി. ആശുപത്രിയിൽ അറ്റൻഡർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുപേരിൽ നിന്നായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി.
ഇതിൽ ഇടുക്കി സ്വദേശി അഭിജാത് പി. ചന്ദ്രൻ എന്നയാളാണ് നിയമനം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി സർക്കാരിനെ സമീപിച്ചത്.
തുടർന്ന് ശ്രീലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. തൊഴിൽ തട്ടിപ്പ് പരാതിയിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് ശ്രീലാലിനെതിരേ കേസെടുക്കുകയും ചെയ്തു.
വൈക്കം സ്റ്റേഷനിൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീലാൽ പ്രതിയായി ഒരു കേസും, ഇടുക്കിയിൽ മൂന്നു കേസുമുണ്ട്. ഇതിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വകുപ്പുതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടത്.
ഉദ്യോഗസ്ഥസമിതി നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിൽ നിന്നു ശ്രീലാൽ ഗൂഗിൾപേ വഴി പണം കൈപ്പറ്റിയതിനുള്ള തെളിവുകൾ കണ്ടെത്തി.
കേസ് ഒത്തുതീർപ്പാക്കാൻ 2020-ൽ പരാതിക്കാരുമായി ഒത്തുതീർപ്പിലായ ഉടമ്പടിയും തെളിവെടുപ്പിനിടെ ലഭിച്ചു. ഇതിൽ ഉദ്യോഗസ്ഥന്റെ ഒപ്പും ഉണ്ടായിരുന്നു.
1.40 ലക്ഷം രൂപ ശ്രീലാലിന്റെ അക്കൗണ്ടിൽ നിന്നും തിരികെ നൽകിയതായും കണ്ടെത്തി. അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുനൽകിയതുകൊണ്ട് ശ്രീലാലിനെ കുറ്റവിമുക്തനാക്കാൻ സാധിക്കില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥനെതിരേയുള്ള വിജിലൻസ് റിപ്പോർട്ടും സമിതി പരിഗണിച്ചു. ഈ സാഹചര്യത്തിലാണ് സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചത്.
ഉദ്യോഗസ്ഥൻ ഇപ്പോഴും സസ്‌പെൻഷനിൽ തുടരുകയായിരുന്നു.
#bribe #25 #lakh #taken #from #eight #persons #appointment #Public #Administration #Department #dismissed #Additional #Secretary