ഹൈദരാബാദ്: (truevisionnews.com) നഗരത്തിലെ മതപരമായ എല്ലാ ഘോഷയാത്രകളിലും ഡി.ജെകളും പടക്കം പൊട്ടിക്കുന്നതും നിരോധിച്ച് ഹൈദരാബാദ് പോലീസ് .
കമ്മീഷണർ സി.വി.ആനന്ദ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഘോഷയാത്രകളിൽ ഡി.ജെ ശബ്ദ സംവിധാനങ്ങളുടെയും പടക്കങ്ങളുടെയും ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നടപടി.
മതപരമായ ഘോഷയാത്രകളിൽ ഇവ നിരോധിക്കുന്നതിനുള്ള കാരണങ്ങൾ പോലീസ് വിജ്ഞാപനത്തിൽ വിവരിക്കുന്നുണ്ട്. ഡി.ജെ സംവിധാനങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു.
മതപരമായ ഘോഷയാത്രകളിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അനിയന്ത്രിതമായ പെരുമാറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അറിയിപ്പ് കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ ഹൈദരാബാദിലെ ഘോഷയാത്ര റൂട്ടുകളിൽ പടക്കം പൊട്ടിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്.
എന്നാൽ, ഘോഷയാത്രകളിൽ ഡി.ജെ നിരോധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ ശബ്ദ സംവിധാനങ്ങൾ അനുവദനീയമാണ്. പക്ഷേ, ശബ്ദ പരിധിക്ക് നിയന്ത്രണങ്ങൾ വെച്ചിട്ടുണ്ട്.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവക്ക് ചുറ്റും 100 മീറ്ററിൽ കുറയാത്ത പ്രദേശം ഉൾക്കൊള്ളുന്ന പ്രദേശം നിശ്ശബ്ദ മേഖലയാണ്.
മേൽപ്പറഞ്ഞ നിർദേശങ്ങൾ ലംഘിച്ചാൽ ഹൈദരാബാദ് സിറ്റി പോലീസ് ആക്ട്, അടക്കം വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും.
#Police #banned #DJ #fireworks #processions