(truevisionnews.com) വീണ്ടും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി കാരവാന്‍ ടൂറിസം.
പൊന്മുടിയില്‍ കാരവാന്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നീക്കങ്ങളാരംഭിച്ച് ടൂറിസം വകുപ്പ്. പൊന്മുടി റസ്റ്റ്ഹൗസിന് സമീപത്തെ സ്ഥലമാണ് പാര്‍ക്ക് സ്ഥാപിക്കാനായി കണ്ടെത്തിയത്.
അടുത്തമാസം അവസാനത്തോടെ ഭരണാനുമതി ലഭിക്കും. ഇതോടെ പൊന്മുടിയും ചുറ്റുവട്ടവും കാണാവുന്ന 'സഞ്ചരിക്കുന്ന വീടുകള്‍' ഹൈറേഞ്ച് വിനോദസഞ്ചാരത്തിന്റെ പുത്തന്‍ അനുഭൂതിയേകും.
പൊന്മുടി അപ്പര്‍ഹില്ലിലെ റസ്റ്റ്ഹൗസിന് സമീപത്തെ പ്രദേശമാണ് പാര്‍ക്ക് നിര്‍മിക്കാനായി കണ്ടെത്തിയത്. വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ ഇതിനോടകം കൈമാറിയ രൂപരേഖയില്‍നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കും.
ഹൗസ് ബോട്ട് ടൂറിസത്തിനുശേഷം വിനോദസഞ്ചാര വകുപ്പിന്റെ പ്രധാന പദ്ധതിയായ 'കാരവാന്‍ കേരള' ടൂറിസത്തിന്റെ സാധ്യതകള്‍ക്കാണ് പൊന്മുടിയില്‍ തുടക്കമാകുന്നത്.
കാഴ്ചകള്‍ കണ്ടശേഷം ഇതിനായി ഒരുക്കിയ പാര്‍ക്കില്‍ ഈ വാഹനം പാര്‍ക്ക് ചെയ്യാം. സഞ്ചാരികള്‍ക്ക് ഹോട്ടലില്‍ മുറിയെടുക്കാതെ വാഹനത്തില്‍ വിശ്രമിക്കാം, രാത്രി തങ്ങാം.
സഞ്ചരിക്കുന്ന വീടുതന്നെ ഉള്‍നാടുകളിലേക്ക് എത്തിച്ച് ഗ്രാമക്കാഴ്ചകള്‍ കണ്ട് മടങ്ങാനുമാകും. 2021-ല്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ഈ പദ്ധതി പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
അഞ്ച് കാരവാനുകള്‍ക്ക് വരെ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇവിടെ എല്ലാസൗകര്യങ്ങളോടും കൂടിയ ആധുനിക പാര്‍ക്കാണ് വിഭാവനം ചെയ്യുന്നത്.
13-ലധികം സ്വകാര്യ കാരവാന്‍ സംരംഭകര്‍ ഇതിനോടകം താത്പര്യമറിയിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. രണ്ടുതരത്തിലുള്ള കാരവാനുകളാവും സൗകര്യങ്ങളൊരുക്കുക.
സോഫ കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, തീന്‍മേശ, ശൗചാലയം, ക്യുബിക്കിള്‍, എ.സി., ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ-വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിങ് സംവിധാനം തുടങ്ങി സുഖകരമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളില്‍ ക്രമീകരിക്കും.
സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യാനാണ് ശ്രമം. ഭരണാനുമതി ലഭിച്ചുകഴിഞ്ഞാല്‍ പദ്ധതി വേഗത്തിലാകും.
വാഹനത്തിന് വൈദ്യുതി നല്‍കാനുള്ള സൗകര്യം, കാരവാന്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, സുരക്ഷാ ജീവനക്കാര്‍, പാര്‍ക്കില്‍ ലഘുഭക്ഷണശാല, ശൗചാലയം തുടങ്ങിയവയും ഒരുക്കും.
പൊന്മുടിക്കൊപ്പം കൊച്ചി ബോള്‍ഗാട്ടി പാലസ്, കാസര്‍കോട് ബേക്കല്‍ എന്നിവിടങ്ങളിലും പദ്ധതി തയ്യാറാകുന്നുണ്ട്.
#Caravan #tourism #attract #tourists #No #more #taking #hotel #room #relax