ടെഹ്റാൻ: ( www.truevisionnews.com ) ഇറാനിലെ കല്‍ക്കരി ഖനി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് കാരണമായത് മീഥെയ്ൻ വാതക ചോർച്ചയെന്നാണ് പ്രാഥമിക നിഗമനം.
ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്ഫോടനമുണ്ടായത്. മദഞ്ജൂ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥേൻ വാതക ചോർച്ചയുണ്ടായത്.
പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്‍റെ 400 മീറ്റർ അകലെ വരെ മാത്രമേ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞുള്ളൂ. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
രാജ്യത്തിനാവശ്യമായ കൽക്കരിയുടെ 76 % ഈ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്, മദഞ്ജൂ കമ്പനി ഉൾപ്പെടെ പത്തോളം വലിയ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
നൂറംഗ രക്ഷാപ്രവർത്തകർ ഉടനെ സ്ഥലത്തെത്തി. 13 ആംബുലൻസുകൾ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സജ്ജമാക്കി നിർത്തുകയും ചെയ്തു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി ദക്ഷിണ ഖൊറാസാൻ ഗവർണർ ജവാദ് ഗെനാത്തിനോട് ആവശ്യപ്പെട്ടു.
പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഇന്നും പരിശോധന നടത്തും. ഖനി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ അനുശോചനം അറിയിച്ചു.
#Explosion #coal #mine #51 #dead #20 #injured