ദില്ലി :(www.truevisionnews.com)പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്.
ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും.
പ്രസിഡന്‍റ് ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്‍റിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും.
അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രസിഡൻറ് ജോ ബൈഡനുമായുള്ള ചർച്ചയിൽ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികൾ ചർച്ചയാകും. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേ സമയം, പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോദിയുടെ പ്രസ്താവനയിലില്ല.
എന്നാൽ ഡോണൾഡ് ട്രംപിന് എതിരായ വധശ്രമത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
#Prime #Minister #returned #US #india #told #US #prepare #heavy #security