കോഴിക്കോട്: (truevisionnews.com) അബദ്ധവശാല്‍ അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ വീണ പശുവിന് രക്ഷയായി അഗ്നി രക്ഷ സേന.
ഇന്ന് രാവിലെ എട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയം സ്വദേശിയായ മെല്‍ബിന്‍ ജോസഫിന്‍റെ എസ്റ്റേറ്റിലെ ജീവനക്കാരനായ കൊല്ലോത്തുവീട്ടില്‍ പി വി രാജുവിന്‍റെ കറവയുള്ള പശുവാണ് കുഴിയില്‍ വീണുപോയത്.
അഞ്ചടിയോളം താഴ്ചയുള്ള കുഴിയില്‍ ഈ സമയം നിറയെ ചാണകമുണ്ടായിരുന്നു. കുഴിയില്‍ നിന്ന് തിരിച്ച് കയറാന്‍ കഴിയാത്ത വിധം പശു കുടുങ്ങിപ്പോയി.
സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി.
സേനാംഗങ്ങളായ പി നിയാസ്, വി എം മിഥുന്‍, ടി പി ശ്രീജിന്‍ എന്നിവര്‍ ചാണകം നിറഞ്ഞ കുഴിയില്‍ ഇറങ്ങി പശുവിന് പരിക്കേല്‍ക്കാതെ റെസ്‌ക്യൂ ഹോസ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി അബ്ദുള്‍ ഷുക്കൂര്‍, സേനാംഗങ്ങളായ പി ടി അനീഷ്, കെ മുഹമ്മദ് ഷനീബ്, അനു മാത്യു, കെ എസ് വിജയകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
#dairy #cow #fell #fivefeet #deep #dungpit #Kozhikode #AgniRakshaSena #rescuers