(truevisionnews.com) പനത്തടി-റാണിപുരം റോഡില്‍ കാറില്‍ വീണ്ടും അപകടകരമായ രീതിയില്‍ യാത്ര. കാര്‍ ഓടിച്ച കര്‍ണാടക ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഷഹീറി(19)നെതിരേ കേസെടുത്തു.

കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. കാസര്‍കോട് ജില്ലയിലെ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്ന് തിരികെ പോവുകയായിരുന്ന ഉഡുപ്പി സ്വദേശികളും ഡിഗ്രി വിദ്യാര്‍ഥികളുമായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
ഇതില്‍ രണ്ടുപേരാണ് കാറിന്റെ പിന്‍വാതില്‍ തുറന്നുവെച്ച് ഡിക്കിയിലിരുന്ന് യാത്ര ചെയ്തത്. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ അതിന്റെ വീഡിയോയും ഫോട്ടോയും പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ ഇടുകയായിരുന്നു.
അപകടകരമായ രീതിയിലുള്ള കാര്‍ യാത്രയെക്കുറിച്ചുള്ള വിവരം രാജപുരം പോലീസിനും കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് മൂന്ന് മണിയോടെ ബ്രേയ്ക്കുമായി ബന്ധപ്പെട്ട തകരാര്‍ പരിഹരിക്കാന്‍ മാലക്കല്ലിലെ വര്‍ക്ക്ഷോപ്പില്‍ കാര്‍ നിര്‍ത്തിയിട്ടെന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് പോലീസ് വര്‍ക്ക് ഷോപ്പിലെത്തി യാത്രക്കാരെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഞ്ചാരികളുടെ അശ്രദ്ധ കാരണം ഈ റോഡില്‍ അപകടങ്ങള്‍ പതിവാവുകയാണ്.
ഒരാഴ്ച മുന്‍പാണ് സൂറത്ത്കല്ലില്‍നിന്നുള്ള വിദ്യാര്‍ഥിസംഘം സഞ്ചരിച്ച കാര്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു.
വാഹനാപകടങ്ങള്‍ പതിവായതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മറ്റ് വകുപ്പ് അധികൃതരെയടക്കം പങ്കെടുപ്പിച്ച് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതും നടപ്പായിട്ടില്ല. അശ്രദ്ധയും അപകടകരവുമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
#Practice #Endless #Vehicle #students #who #traveling #car #custody
