(truevisionnews.com)ലോകസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രകൃതി വിസ്മയങ്ങളിലൊന്നായിരുന്നു അമേരിക്കയിലെ യൂട്ടയിലുള്ള ഇരട്ടക്കമാനം (ഡബിള്‍ ആര്‍ച്ച്).
ലക്ഷക്കണക്കിന് സഞ്ചാരികളാണ് എല്ലാ വര്‍ഷവും ഈ മനോഹര കാഴ്ച കാണാനായി എത്തിയിരുന്നത്.
യൂട്ടയിലെ ഗ്ലെന്‍ കാന്യോണ്‍ നാഷണല്‍ റിക്രിയേഷന്റെ ഭാഗമായുള്ള ഈ ഡബിള്‍ ആര്‍ച്ച് തകര്‍ന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണം പവല്‍ തടാകത്തിലെ ജലനിരപ്പിലുണ്ടായ വ്യത്യാസവും മണ്ണൊലിപ്പുമെല്ലാമാണ് ഡബിള്‍ ആര്‍ച്ച് തകരാനുള്ള പ്രധാനകാരണമായി അധികൃതര്‍ കരുതുന്നത്.
തകര്‍ച്ചയുടെ കൃത്യമായ കാരണങ്ങള്‍ പഠിച്ചുവരികയാണെന്ന് ഗ്ലെന്‍ കാന്യോണ്‍ നാഷണല്‍ റിക്രിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
മനുഷ്യന്റെ പ്രവര്‍ത്തികള്‍ തന്നെയാണ് അമൂല്യമായ ഒരു പ്രകൃതി വിസ്മയത്തെ ഇല്ലാതാക്കയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
'മേല്‍ക്കൂരയിലെ ദ്വാരം', 'ടോയ്‌ലെറ്റ് ബൗള്‍' എന്നെല്ലാമാണ് യൂട്ടാ ഡബിള്‍ ആര്‍ച്ചിന്റെ വിളിപ്പേര്. പ്രകൃതിയുടെ ശില്‍പവൈദഗ്ധ്യത്തിന്റെ പ്രതീകമായാണ് സഞ്ചാരികളും പരിസ്ഥിതി സ്‌നേഹികളും ഡബിള്‍ ആര്‍ച്ചിനെ കരുതിപ്പോന്നിരുന്നത്.
വിനോദസഞ്ചാര ഭൂപടത്തില്‍ യൂട്ടായുടെ പ്രതീകമായും വിലയിരുത്തപ്പെട്ടിരുന്നു. ഏകദേശം 190 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള നവാജോ മണല്‍ക്കല്ലില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പരുവപ്പെട്ടുവന്നതാണ് ഡബിള്‍ ആര്‍ച്ച്.
ട്രയാസിക്ക് കാലഘട്ടത്തിന്റെ അവസാനം മുതല്‍ ജുറാസിക് കാലഘട്ടത്തിന്റെ ആരംഭം വരെയുള്ള കാലയളവില്‍ ഉത്ഭവിച്ച ഈ മണല്‍ക്കല്ലിനെ കാറ്റും മഴയും താപനിലയിലെ വ്യതിയാനങ്ങളുമൊക്കെയാണ് ഈ മനോഹര രൂപത്തിലാക്കി മാറ്റിയത്.
യൂട്ടയിലും അരിസോണയിലൂമായി ഏകദേശം 12.5 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതി വിസ്മയമാണ് ഗ്ലെന്‍ കാന്യോണ്‍ നാഷണല്‍ റിക്രിയേഷന്‍ മേഖല.
2023ല്‍ 50 ലക്ഷത്തോളം ആളുകളാണ് മേഖല സന്ദര്‍ശിച്ചത്. ബഡിള്‍ ആര്‍ച്ച് തകര്‍ന്ന വിവരം ഞെട്ടലോടെയാണ് ലോകത്തെ സഞ്ചാരി സമൂഹം ഉള്‍കൊണ്ടത്.
സാമൂഹിക മാധ്യമങ്ങളില്‍ ഡബിള്‍ ആര്‍ച്ചിന്റെ ചിത്രങ്ങള്‍ നിറയുകയാണ്.
#utah #iconic #double #arch #collapses