കരൂപ്പടന്ന (തൃശൂർ): ( www.truevisionnews.com ) തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു. ഒരുപാട് നാളായി ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു.
.gif)

യുവതിയുടെ മരണത്തിൽ ഗാർഹിക പീഡന ആരോപണം ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്. ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നു. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദ് പറഞ്ഞു.
അതേസമയം ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സതീഷിന്‍റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ബന്ധു ജിഷ രജിത്ത് രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്നാണ് ജിഷ രജിത്ത് വെളിപ്പെടുത്തിയത്. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാൾ കാണുന്നതെന്ന് ജിഷ പറഞ്ഞു. മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാമല്ലോയെന്നും ജിഷ ചൂണ്ടിക്കാട്ടിയിരുന്നു.
Pregnant woman found dead in in-laws' house husband in custody thrissur
