ധാക്ക: (truevisionnews.com) ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം. ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു.
ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു. ഭക്ഷ്യമന്ത്രിയുടെ വീടും കൊള്ളയടിച്ചു.
നിലവിൽ ബംഗ്ലാദേശിൽ നിന്ന് ഓരോ നിമിഷവും വലിയ പ്രക്ഷോഭത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. അതേസമയം, ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ക് ഹസീന ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഘാലയയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബംഗ്ലാദേശിനോട് ചേർന്ന അതിർത്തി മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി.
അടിയന്തിര യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ് അറിയിച്ചു. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബംഗ്ലാദേശിലെ അരാജകത്വം.
ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ഷെയ്ഖ് ഹസീന രാജ്യം വിട്ടത് ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിയും സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാത്രി ഉന്നത തലയോഗം ചേർന്നു.
അതേസമയം, രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹിൻഡൻ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്.
തുടർ യാത്ര സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം. ശ്രീലങ്കയിലേതിന് സമാനമായ കാഴ്ചകളാണ് ബംഗ്ലാദേശിലും ആവർത്തിക്കുന്നത്.
ഇന്ത്യയുൾപ്പെടുന്ന തെക്ക് കിഴക്കനേഷ്യയിലെ സാഹചര്യം ഏറെ സങ്കീർണ്ണമാക്കുകയാണ്. ബംഗ്ലാദേശുമായി പ്രത്യേകിച്ച് ഷെയ്ഖ് ഹസീനയുമായുള്ള നല്ല ബന്ധം നരേന്ദ്ര മോദി സർക്കാരിനെ ഈ മേഖലയിലെ വിദേശകാര്യ നീക്കങ്ങളിൽ ഏറെ സഹായിച്ചിരുന്നു.
ഹസീനയെ ദില്ലിയിൽ ഇറങ്ങാൻ അനുവദിച്ചത് ഈ ബന്ധത്തിന് തെളിവാണ്. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ആകാശത്തും വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സുരക്ഷ നല്‍കി.
അജിത് ഡോവൽ ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ എത്തി സ്വീകരിച്ചതും ഹസീനയെ ഇന്ത്യ കൈവിടില്ല എന്ന സന്ദേശമായി.
#AwamiLeague #leader #beaten #death #mob #Vigilance #Meghalaya #reports #SheikhHasina #remain #India