ചേര്‍ത്തല: (truevisionnews.com) മുസ്‌ലിം ലീഗിൻ്റെ മുന്നണി മാറ്റത്തിനുള്ള സാധ്യത കാണുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് എല്‍ഡിഎഫിലേക്ക് വരില്ല. ലീഗ് വന്നാല്‍ എല്‍ഡിഎഫിന്റെ മുഖച്ഛായയും മതിപ്പും നഷ്ടമാകും.
ലീഗിന്റെ ഒപ്പം കൂട്ടാന്‍ എല്‍ഡിഎഫ് തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായി നിരവധി വ്യത്യാസങ്ങളുണ്ട്. ഭരണത്തിന് വേണ്ടി മാത്രം അവര്‍ ഒന്നിക്കുമെന്ന് കരുതുന്നില്ല. എന്നും എപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ലീഗ്.
അങ്ങനെയുള്ളവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സതീശന് പക്വതയും മാന്യതയുമില്ല.
സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. വി ഡി സതീശനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ട.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരും. എല്‍ഡിഎഫിന്റെ ഗുണം യുഡിഎഫിന്റെ ബലഹീനതയാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വെള്ളാപ്പള്ളി നടേശന്‍ വാനോളം പുകഴ്ത്തി. രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തല സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
#Muslim #League #comes #LDF #lose #image #VellapalliNatesan