മലപ്പുറം: (truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണം ആരംഭിച്ച് മുസ്ലിം ലീഗ്.
ഇതിനായി ഒരു ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് പുറത്തിറക്കി.
എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. 'വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണ്.
വിവിധയിടങ്ങളിലും വയനാട്ടിലും മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം ആരംഭിക്കും.
പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്‌ലിം ലീഗിൻ്റെ പദ്ധതിക്ക് കീഴിൽ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്.
അതിനാൽ എല്ലാവരും ഈ പദ്ധതിക്കൊപ്പം നിൽക്കണം,' സാദിഖലി തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ആപ്പ് ലോഞ്ച് ചെയ്‌തത് മുതൽ ആപ്പിൻ്റെ പ്രവർത്തനം ആരംഭിക്കും. വയനാടിൻ്റെ കണ്ണീരൊപ്പാൻ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്ന് സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവിൽ നിന്ന് സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ ആദ്യദിനം മുതൽ വൈറ്റ് ഗാർഡും യൂത്ത് ലീഗും മുസ്ലിം ലീഗും വയനാട്ടിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
#Mundaka #Disaster #MuslimLeague #launched #app #fundraising