കോട്ടയം: ( www.truevisionnews.com ) പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണതാണ് ബസിന് നിയന്ത്രണം നഷ്ടമാകാൻ കാരണം. അപകടത്തിൽ ആർക്കും പരിക്കില്ല.
ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേക്ക് ഇറങ്ങിയ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോ ഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
.gif)

മറ്റൊരു സംഭവത്തിൽ തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന KL 58 W 25 29 നമ്പർ ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവി (28)നാണ് മർദ്ദനമേറ്റത്.
പെരിങ്ങത്തൂരിൽ വച്ചായിരുന്നു സംഭവം. ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നും, തള്ളിയിട്ടെന്നും ആരോപിച്ച് ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദ്ദിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും, വിദ്യാർത്ഥിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി.
എന്നാൽ ബന്ധുക്കൾ ബസിൽ കയറി കുട്ടികളടക്കമുള്ള സ്ത്രീയാത്രക്കാർ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിക്കുന്നത്. മർദ്ദനം കണ്ട് ഇവർ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൊക്ലി പൊലീസിൽ ബസ് ജീവനക്കാർ പരാതി നൽകി.
Private bus loses control in Pampady, crashes into auto stand
