---
title: "കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് വിവാദ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ"
english_title: "Kannur DCC General Secretary KC Vijayan resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305319/kannur-dcc-general-secretary-kc-vijayan-resigns"
published_at: "2025-07-29T18:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6888c0ab77b06_kannur.jpg"
keywords: []
---

# കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു; സ്ഥാനമൊഴിഞ്ഞത് വിവാദ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ കെ സി വിജയന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ​ഗുരുതര വിമർശനങ്ങളുണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ കെ സി വിജയന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ​ഗുരുതര വിമർശനങ്ങളുണ്ടായിരുന്നു.

പിന്നാലെ കെ സി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയിരുന്നു. പരാതിയിൽ കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ സി വിജയന്റെ രാജി.  വയനാട് പുനഃരധിവാസത്തിലും യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ സി വിജയൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലുമെതിരെ പാർട്ടിയുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലായിരുന്നു കെ സി വിജയന്റെ വിമർശനം.

‘‘കള്ളവോട്ട്​ വാങ്ങിയും​ വ്യാജ ഐഡന്റിറ്റി കാർഡുണ്ടാക്കിയുമാണ്​ വിജിൽ യൂത്ത്​ കോൺഗ്രസ്​ ജില്ലാ പ്രസിഡന്റായത്​. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവർക്ക്​ എന്തു മാന്യത. വയനാട്ടിലേക്ക്​ ഇവിടെനിന്ന്​ എത്ര പണം പിരിച്ചുവെന്ന്​ എനിക്ക് നന്നായി അറിയാം.

അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങൾ എന്നെക്കൊണ്ട്​ പറയിപ്പിക്കരുത്​. ഇതൊക്കെ മനസ്സിലടക്കിയാണ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണ്', ഇതാണ് ശബ്ദ സന്ദേശത്തിൽ പറഞ്ഞത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305319/kannur-dcc-general-secretary-kc-vijayan-resigns)