(truevisionnews.com)വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ലോകനഗരമായി സിംഗപ്പൂര്‍. ഫോബ്‌സ് അഡൈ്വസര്‍ നടത്തിയ സര്‍വേയിലാണ് അറുപതോളം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്‍ നിന്ന് സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും സഞ്ചാരി സൗഹൃദ നഗരമായി തിരഞ്ഞെടുത്തത്.
ഓരോ നഗരങ്ങളിലെയും കുറ്റകൃത്യനിരക്ക്, ആരോഗ്യപരിപാലനം, അടിസ്ഥാനസൗകര്യങ്ങള്‍, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത, സാങ്കേതികസുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
ആരോഗ്യമേഖലയിലെ മികവും മികച്ച അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞ കുറ്റകൃത്യനിരക്കുകമെല്ലാമാണ് സിംഗപ്പൂരിന് നേട്ടമായത്.
ഡിജിറ്റല്‍ സുരക്ഷയും സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവുമ മികച്ച ടൂറിസം നഗരമാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി. സുരക്ഷാ ആശങ്കകളില്ലാതെ സഞ്ചാരികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന നഗരമാണ് സിംഗപ്പൂരെന്ന് സര്‍വേയില്‍ കണ്ടെത്തി.
ടോക്യോയും ടൊറന്റോയുമാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. സിഡ്‌നി, സൂറിച്ച്, കോപന്‍ഹേഗന്‍, സോള്‍, ഒസാക, മെല്‍ബണ്‍, ആംസ്റ്റര്‍ഡാം എന്നിവയാണ് ആദ്യ പത്തിലെത്തിയ മറ്റ് നഗരങ്ങള്‍.
ഒരാധുനിക നഗരത്തിന്റെ മുഖമുള്ള, നൂറു ശതമാനം പ്ലാന്‍ഡ് ആയ, സിറ്റിയാണ് ഇന്നത്തെ സിംഗപ്പൂര്‍. ഇതൊരു ഏഷ്യന്‍ നഗരമാണോ എന്ന് സംശയം തോന്നും.
ഏതു മഹാനഗരത്തിന്റെയും പതിവു രൂപഭാവങ്ങളായ പാലങ്ങളും പാതകളും രമ്യഹര്‍മ്യങ്ങളും കൂലംകുത്തിയൊഴുകുന്ന ജനസമുദ്രവുമൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍ നഗരത്തോടു ചേര്‍ന്നു ലാന്‍ഡ്‌സ്‌കേപ് ചെയ്‌തെടുത്ത നിബിഡമായ ട്രോപ്പിക്കല്‍ വനങ്ങളും വിസ്മയിപ്പിക്കുന്ന ദ്വീപുകളും മറ്റെവിടെയും അധികം ഉണ്ടാവില്ല.
സുന്ദരമായ കടല്‍ത്തീരങ്ങളും നഗരത്തെ അതിരിട്ടു കിടക്കുന്നു. ചുറ്റും ജലകേളിക്കുള്ള തടാകങ്ങളും യാനങ്ങളുമുണ്ട്. വിനോദവും ആനന്ദവും പകരുന്ന എന്റര്‍ടെയിന്‍മെന്റ് വില്ലേജുകളുണ്ട്. രാത്രിയിലെ വനയാത്രകളുണ്ട്. കടല്‍ സവാരികളുണ്ട്. ആകാശരഥസഞ്ചാരങ്ങളുണ്ട്. എല്ലാം ഒരിടത്ത് എന്ന വാക്ക് അടിമുടി അന്വര്‍ഥമാക്കുന്ന നഗരം.
സിംഗപ്പൂരില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേക സീസണൊന്നുമില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവുകള്‍, രസിപ്പിക്കുന്ന വിനോദശാലകള്‍, രസിപ്പിക്കുന്ന തീം പാര്‍ക്കുകള്‍, രാത്രിത്തെരുവുകള്‍, കാസിനോകള്‍. ഏതു രാത്രിക്കും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരം. ഏതു തരം സഞ്ചാരിക്കും അവന്റെ കീശക്കൊത്ത വിധം സുഖമായി ജീവിക്കാം.
സഞ്ചാരികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ ഡെസ്റ്റിനേഷനായി സിംഗപ്പൂര്‍ വളര്‍ന്നിരിക്കുന്നു. ഷോപ്പിങ്ങിന്റെ പറുദീസയാണ് സിംഗപ്പൂര്‍. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയൊക്കെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ്.
യാത്രയുടെ ഒരു ദിവസം ഷോപ്പിങ്ങിനായി തന്നെ മാറ്റിവെച്ചാലും തികഞ്ഞില്ലെന്നു വരാം. ക്ലാര്‍ക്ക് ക്വേ ഏരിയയിലെ മേല്‍ക്കൂരയുള്ള തെരുവുകളും റെസ്റ്റോറന്റുകളും പബ്ബുകളും നൈറ്റ് ലൈഫും ഡിസ്‌കോകളുമൊക്കെ ഏതു യൂറോപ്യന്‍ നഗരത്തേക്കാളും ആധുനികവും സുന്ദരവും സമ്പന്നവുമായി സഞ്ചാരികള്‍ക്ക് അനുഭവപ്പെടും.
അവധിക്കാലത്ത് കുട്ടികളുമൊത്ത് അടുത്തുള്ള ഏതെങ്കിലും വിദേശ ഡെസ്റ്റിനേഷനിലേക്ക് ഒരു യാത്രപോകാനാഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, സംശയിക്കേണ്ട, അതിന് ഏറ്റവും അനുയോജ്യമായ ഏഷ്യന്‍ നഗരം സിംഗപ്പൂര്‍ തന്നെ.
#singapore #named #the #world #safest #destination #tourists