(truevisionnews.com) ലോക ജനത മുഴുവൻ ഇന്ന് ഏറെക്കുറെ 'ഫോണോ ഹോളിസം ' എന്ന ഒരു മനോ രോഗത്തിന് അടിമപ്പെട്ടതായി കാണുന്നു എന്ന മാധ്യമവാർത്ത അതിശയോക്തിപരമല്ല.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലോകത്തെ അഥവാ വെർച്വൽ ലോകത്തെ ഉപഭോഗങ്ങളും സംവാദങ്ങളും വാർത്തകളും വിൽപ്പനകളും വിനോദങ്ങളും സൗഹൃദങ്ങളും ഒക്കെയായി മൊബൈൽ ഫോൺ ഇന്ന് ലോകജനതയുടെ അവശ്യ വസ്തുവായിരിക്കുന്നു.
എന്നാൽ മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം മൂലം ഒരു ജനത മുഴുവൻ തങ്ങളുടെ മുഖാമുഖ സൗഹൃദങ്ങളും സന്ദർശനങ്ങളും പാടെ വെട്ടിച്ചുരുക്കിയിരിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയും സമൂഹത്തിൽ ഇത് മൂലം സംജാതമായിരിക്കുന്നു.
മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം നമുക്കേവർക്കും ഉണ്ടാക്കുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്ന് നോക്കാം.
നട്ടെല്ലിനും കണ്ണിനും വരുത്തുന്ന രോഗങ്ങൾ, മാനസിക സമ്മർദ്ദം, അശ്രദ്ധ, മുൻകോപം, ഉറക്കമില്ലായ്മ, ധൈര്യമില്ലായ്മ, അലസത ഇവയൊക്കെ ഫോണോ ഹോളിസത്തിൻ്റെ സന്തതികളായി മനുഷ്യരാശിയുടെ കൂടെ രൂഢമൂലമായിരിക്കുന്നു.
ഓർമശക്തി നശിക്കുവാനും പ്രതിരോധ ശേഷി കുറയുവാനും സെൽ ഫോണിൻ്റെ അമിത ഉപയോഗം വഴിവെക്കുന്നു.
സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കുന്ന പുതുതലമുറയിലെ ആളുകൾക്ക് 'കൊമ്പ് ' മുളക്കുന്നതായി ചില പഠനങ്ങളിൽ പറയുന്നു.
കഴുത്തിന് മുകളിലായി തലയോട്ടിയുടെ താഴ്ഭാഗത്താണ് ഈ കൊമ്പിൻ്റെ സ്ഥാനം. അധിക സമയം തലകുനിച്ചിരുന്ന് കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണിലും കളിക്കുന്നവരിലോ ജോലി ചെയ്യുന്നവരിലോ ആണ് ഈ 'പ്രതിഭാസം' .
അതു കൂടാതെ നോൺ അയോണൈസിംഗ് റേഡിയേഷൻ വിദദ്ധനും വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഹെൻട്രിലാ തലച്ചോറിലെ കോശങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുള്ള തരത്തിലുള്ളതാണ് സെൽഫോൺ റേഡിയേഷൻ എന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം അവരിൽ രക്താർബുദ സാധ്യത വളരെ കൂടുതലാക്കുന്നു എന്നും ചില പഠനങ്ങളിൽ പറയുന്നു.
ഇനി സ്മാർട്ട് ഫോൺ സമൂഹത്തിൽ ഉണ്ടാക്കുന്ന ചില ദോഷഫലങ്ങൾ നോക്കുക.
ഇന്ന് കുടുംബകോടതികളിലെ മിക്ക കേസുകളിലെയും പ്രധാന വില്ലൻ മൊബൈൽ ഫോണാണ് എന്നത് ദുഃഖകരമായ സത്യം. വെർച്വൽ ലോകത്തെ സൗഹൃദങ്ങൾ ദുരുപയോഗം ചെയ്ത് ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകുന്ന കാഴ്ച നാം പലപ്പോഴും കാണുന്നു.
സൈബർ പോരാളികൾ എന്ന ഓമന പേരിൽ വ്യക്തിഹത്യ നടത്തി അപമാന ഭാരത്താൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായ ഒരു ജനതതിയുടെ ഭാഗമാണ് നാം എന്ന് കൂടി ഓർക്കണം.
ഇങ്ങനെ ദുഷിച്ച സമൂഹമുള്ള ആധുനിക കാലത്ത് ശുഭകരമായ ഒരു വാർത്ത കാണുവാൻ ഇടയായി.
ആധുനിക 'സെൽ ഫോൺ -സൈബർ' യുഗത്തിൻ്റെ ഈ ദുരവസ്ഥയിൽ നിന്നുള്ള മോചനത്തിനായി വർഷത്തിൽ ഒരു ദിവസം പോളിഷ് ജനത വെർച്വൽ ലോകത്തെ സംവാദങ്ങളും സൗഹൃദങ്ങളും മാറ്റി വെച്ച് സമൂഹത്തിൽ നേരിട്ടിറങ്ങി വ്യക്തി ബന്ധങ്ങളും മുഖാമുഖ സൗഹൃദങ്ങളും ദൃഢപ്പെടുത്താൻ തീരുമാനിക്കുകയും അവ പ്രാവർത്തികമാക്കുവാൻ എല്ലാ വർഷവും ജൂലായ് 15-ാം തീയതി മൊബൈൽ ഫോണിന് ' അവധി ' നൽകുകയും ചെയ്യുന്നു എന്ന വാർത്ത ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു മഹത്തായ കാര്യമാണ്.
നാം ഭാരതീയർ വിശിഷ്യാ മലയാളികൾ ഈ ഒരു കാര്യം മാതൃകയാക്കുന്നത് നല്ലതാണ്.
വർഷത്തിലോ ത്രൈമാസത്തിലോ ഒരു ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മൊബൈൽ ഫോണിന് 'അവധി 'നൽകാം.
ആ സമയം നാം വായനശാലകളിലും ക്ലബ്ബുകളിലും കളിക്കളങ്ങളിലും കുടുംബ വീടുകളിലും സമ്മേളിച്ച് മുഖാമുഖ സൗഹൃദങ്ങളിലുടെയും വിനോദങ്ങളിലുടെയും വിജ്ഞാനങ്ങളിലുടെയും ഒരു കൂട്ടായ്മയുടെ 'ഹരിതഗൃഹം' സൃഷ്ടിക്കാം.
അങ്ങനെ മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നു കൂടി നമുക്ക് പുതുതലമുറയെ ഓർമിപ്പിക്കാം! വരുംകാല Al തലമുറയെ 'മനുഷ്യൻ ഒരു മഹത്തായ സങ്കൽപം' കൂടിയാണെന്ന് നമുക്ക് പഠിപ്പിക്കാം!
Article by ഹേമന്ത് മനേക്കര
സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ട്രൂവിഷന്‍ ഡിജിറ്റല്‍ മീഡിയ നെറ്റ് വര്‍ക്ക് എം.എ മലയാളം സാഹിത്യം. പൊതുപ്രവര്ത്തകന്, എഴുത്തുകാരന്, പെന്ഷണര്. Cell- 9446738868 e-mail:- [email protected]
#Excessive #use #smartphones #Studies #show #that #horn #sprouts #in #the #new #generation