വയനാട് : ( www.truevisionnews.com) വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം. കാൽവരി എസ്റ്റേറ്റിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
അതേസമയം , കനത്ത മഴക്കിടെ ഇടുക്കി മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലോറി കൊക്കയിലേക്ക് പതിച്ച് ഡ്രൈവർ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും. മൂന്നാറിൽ മുമ്പ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്നലെ രാത്രി ലോറി അപടത്തിൽപ്പെട്ടത്. ഗണേഷിനെ കൊക്കയിൽ നിന്ന് ഫയർഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാർ ഗവൺമെൻറ് കോളേജിന് സമീപമാണ് അപകടം.
.gif)

ഉരുൾ പൊട്ടിയതായി സംശയമുള്ള കണ്ണൂർ ആറളം പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. 50ലധികം വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാർപ്പിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി - മുണ്ടയാംപറമ്പ് മേഖലയിലും വെള്ളം കയറി. കണ്ണൂർ പഴശ്ശി, കോഴിക്കോട് കക്കയം ഡാമുകൾ തുറന്നേക്കും. താഴെ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
കോഴിക്കോടും കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കുറ്റ്യാടിയിൽ നിർത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണു. കുറ്റ്യാടി അടുക്കത്ത് നീളം പാറയിൽ വീടിന് മുകളിൽ തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശക്തമായ നീരൊഴുക്കുള്ളതിനാൽ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി.
An unidentified body was found in Panavallipuzha, Wayanad
