തൃശൂർ :∙(truevisionnews.com) നഗരത്തിലെത്തുന്ന അതിഥിത്തൊഴിലാളികളെ മർദിച്ചു മൊബൈൽ ഫോണും പണവും കവരുന്ന സ്ഥിരം സംഘത്തെ തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഈവനിങ് പട്രോൾ ടീം പിടികൂടി.
പട്ടിക്കാട് പാണഞ്ചേരി മാങ്ങൻ വീട്ടിൽ എഡിസൻ തോമസ് (33), ചുണ്ടയിൽ വീട്ടിൽ സജി (46) എന്നിവരാണ് പിടിയിലായത്.
സൈബർ പൊലീസിന്റെയും സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ രാവും പകലുമായി തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ബോബി ചാണ്ടിയും സിപിഒ നീരജ്മോനും നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
അതിഥിത്തൊഴിലാളികളെ മാത്രം ലക്ഷ്യമിടുന്ന ഇവർ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണെന്നു പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിൽ ദിവാൻജിമൂലയിൽ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്ഐ ബോബി ചാണ്ടിയുടെ അരികിലെത്തിയ ഛത്തീസ്ഗഡ് സ്വദേശി പ്രമോദ്കുമാർ മുനി (39) നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്.
ഛത്തീസ്ഗഡിലേക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ തന്നെ ഒരു സംഘം പിന്തുടർന്ന് മർദിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പണവും മൊബൈലും കവർന്നു എന്ന് ബോബി ചാണ്ടിയോടു പറഞ്ഞു.
എന്നാൽ എവിടെ വച്ചാണ് മർദ്ദിച്ചതെന്ന് അറിയില്ലെന്നും സ്ഥലം കണ്ടാൽ മനസ്സിലാകും എന്നു പറഞ്ഞതോടെ പ്രമോദ്കുമാർ മുനിയെയും കൂട്ടി ബോബി ചാണ്ടിയും സിപിഒ നിരാജ് മോനും പുറപ്പെട്ടു.
അപഹരിക്കപ്പെട്ട ഫോണിലേക്കു വിളിച്ചു നോക്കിയപ്പോൾ റിങ് ചെയ്തതോടെ ഉടൻതന്നെ സൈബർ പൊലീസിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു.
ശക്തൻ പരിസരമാണ് ലൊക്കേഷനെന്നു മനസ്സിലാക്കിയ പൊലീസ് പ്രമോദ്കുമാറിനെയും കൊണ്ട് ശക്തൻ ഭാഗത്തെ ഒരു ബാറിനു പരിസരത്ത് എത്തുകയും സ്ഥലം തിരിച്ചറിയുകയും ചെയ്തു.
പിന്തുടർന്നു എന്നു പറയുന്ന വഴിയിലൂടെ പോയ പൊലീസ് കൊക്കാലെയിൽ എത്തിയപ്പോൾ അവിടെ ഒരു മെഡിക്കൽ സ്റ്റോറിന് സമീപം യുവാവിനെ മർദിക്കുന്നത് കണ്ടു എന്ന് പരിസരത്തുള്ളവർ പറഞ്ഞതിനെ തുടർന്ന് സിറ്റി പൊലീസിന്റെ ക്യാമറ കൺട്രോളിൽ പരിശോധിച്ചു.
സൈഡ് കർട്ടൻ കീറിയ ഒരു ഓട്ടോയിൽ എത്തിയവർ ഒരു യുവാവിനെ മർദിക്കുന്നതു ക്യാമറയിൽ കണ്ടതോടെ നഗരത്തിൽ അങ്ങോളമിങ്ങോളം നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ കണ്ടെത്തി.
കുറ്റവാളികൾ ഓട്ടോ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഓട്ടോയിൽ നിന്നു പ്രമോദ്കുമാറിന്റെ ആധാർ കാർഡ് കണ്ടെത്തുകയും ചെയ്തു. വളാഞ്ചേരിയിൽ ആയുർവേദ ഫാർമസിയിൽ ജോലിക്കാരനായ ഇദ്ദേഹം ഛത്തീസ്ഗഡിലേക്കു പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു.
രാത്രി 12.30നു ആണ് ട്രെയിൻ എന്നു വിചാരിച്ചാണ് എത്തിയതെങ്കിലും റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോഴാണ് ഇന്നലെ ഉച്ചയ്ക്കു 12.30നാണ് ട്രെയിൻ എന്ന് മനസ്സിലായത്.
ഇതോടെ ദിവാൻജിമൂലയിലേക്കു പോയ പ്രമോദ്കുമാറിനെ പിന്തുടർന്നാണ് അക്രമികൾ ഫോണും പണവും അപഹരിച്ചത്.
പുലരുംവരെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച അന്വേഷണത്തിനൊടുവിൽ പകൽ 10നും ഉച്ചയ്ക്കു 2നുമായിട്ടാണ് രണ്ടു പ്രതികളെയും പിടികൂടിയത്.
ഇവരിൽ നിന്നു പ്രമോദ്കുമാറിന്റെ ഫോൺ കണ്ടെടുത്തു.
ഈസ്റ്റ് പൊലീസിനു കൈമാറിയ പ്രതികൾക്കെതിരെ കേസെടുത്തു.
#robbery #by #beating #migrant #workers #arrest