(truevisionnews.com) ബി.എസ്.എൻ.എലിനെ സംബന്ധിച്ചിടത്തോളം ശുഭകരമായ വാർത്തയാണ് X- പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
സ്വകാര്യ കമ്പനിക്കാർ രാജ്യത്തെ മൊബൈൽ വരിക്കാരെ പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെ താരിഫ് നിരക്ക് ഉയർത്തി സ്ഥാനത്തും അസ്ഥാനത്തും പിഴിയുകയാണ്.
സ്വകാര്യ മൊബൈൽ സേവന ദാതാക്കളായ ജിയോ, എയർടെൽ, വി.ഐ തുടങ്ങിയവയാണ് ജൂലൈ മാസം മുതൽ താരിഫ് നിരക്ക് ഗണ്യമായി ഉയർത്തിയത്.
ഇത് അവരുടെ തന്നെ ഉപയോക്താക്കളെ രോഷം കൊള്ളിച്ചിരിക്കുന്നു. സാമൂഹിക മാധ്യമമായ Xൽ 'Jio Boycott ' എന്ന ' മുദ്രാവാക്യം ' ഉയർന്നുവന്നിരിക്കുന്നത് ഇതിൻ്റെ പ്രകടമായ ലക്ഷണമാണ്.
ഇതിന് അരലക്ഷത്തോളം പോസ്റ്റുകളുണ്ട്. 'BSNL Ki gharvapasi' എന്ന രസകരമായ ട്രെൻഡിനും അരലക്ഷത്തോളം പോസ്റ്റുകളുണ്ട്. ശക്തമായ പ്രതിഷേധമാണ് സ്വകാര്യ മൊബൈൽ കമ്പനികൾക്കെതിരെ അവരുടെ തന്നെ വരിക്കാർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്നത്.
എൻട്രി ലെവൽ റീചാർജ് 249 രൂപയാണ് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി സ്വകാര്യ കമ്പനികൾ നൽകുന്നതെങ്കിൽ BSNL 107 രൂപക്ക് 35 ദിവസത്തെ വാലിഡിറ്റിയോടുകൂടി സേവനം ഇപ്പോഴും നൽകുന്നുണ്ട്.
നെറ്റ്‌വർക്ക് വിപുലീകരണത്തിലൂടെ 4g വ്യാപകമാക്കിയാൽ തങ്ങളെ വിട്ടുപോയ വരിക്കാർ തീർച്ചയായും രാജ്യത്തെ ഒരു വലിയ പൊതുമേഖലാ സ്ഥാപനമായ ബി.എസ് എൻ എൽ ലേക്ക് തിരികെ വരുമെന്ന് വിശ്വസിക്കാം.
ഏതായാലും പൊതുമേഖലാ സ്ഥാപനമായ ബി.എസ്. എൻ. എൽനെ സംബന്ധിച്ചിടത്തോളം ഉപയോക്താക്കളെ വർദ്ധിപ്പിക്കുവാൻ ഒരു സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. അവർക്കതിന് കഴിയുമോ എന്ന് ഇനി വരും നാളുകൾ തെളിയിക്കും.
#BSNL #Key #Gharwapasi #trend #makes #waves #socialmedia #X