#threatened | അർധരാത്രി മുഖംമൂടി സംഘം 3 വീടുകളുടെ മതിൽ പൊളിച്ചു; വീടും തകർക്കുമെന്ന് ഭീഷണി

#threatened | അർധരാത്രി മുഖംമൂടി സംഘം 3 വീടുകളുടെ മതിൽ പൊളിച്ചു; വീടും തകർക്കുമെന്ന് ഭീഷണി
Jul 1, 2024 01:58 PM | By Jain Rosviya

കോട്ടയം:(truevisionnews.com)അർധരാത്രി മുഖംമൂടിസംഘം മണ്ണുമാന്തിയന്ത്രവും ആയുധങ്ങളും ഉപയോഗിച്ച് പൊളിച്ചുനീക്കിയത് 3 വീടുകളുടെ മതിൽ. ശബ്ദം കേട്ട് പുറത്തിറങ്ങിയ ദമ്പതിമാർക്ക് മർദനം.

50 അംഗ സംഘമാണ് വാരിശേരി പന്തലാടത്തിൽ പി.വി.ജോസിന്റെ മതിൽ പൊളിക്കാൻ എത്തിയത്. മതിൽ പൂർണമായും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു.

ഇടാട്ടുതറ ഫാത്തിമ, ഇടാട്ടുതറ ജമീല എന്നിവരുടെയും മതിലുകൾ തകർത്തു. സമീപവാസിക്ക് വീട്ടിലേക്ക് കാർ കയറ്റാൻ റോഡിന് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു.

കൗൺസിലർ എം.എ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മതിൽ പൊളിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.സംഭവത്തിൽ 3 കുടുംബങ്ങളും ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി.

ശനിയാഴ്ച പുലർച്ചെ 2.15ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിൽ പൊളിക്കുന്ന ശബ്ദം കേട്ടാണ് പി.വി.ജോസ് എഴുന്നേറ്റത്.ജോസിന്റെ ഭാര്യ അന്നമ്മയും എത്തി സംഭവം തടയാൻ ശ്രമിച്ചു.

76 വയസ്സുള്ള ജോസിനെയും 69 വയസ്സുള്ള അന്നമ്മയെയും സംഘം ചവിട്ടിവീഴ്ത്തി വിരട്ടിയോടിച്ചു. റോഡിന് വീതികൂട്ടാൻ സ്ഥലം നൽകിയില്ലെങ്കിൽ വീടും തകർക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

പൊലീസ് കാവലിലാണ് ജോസും കുടുംബവും കഴിയുന്നത്.ഗാന്ധിനഗർ പൊലീസെത്തി ജോസിനെയും അന്നമ്മയെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷനിൽ നിന്നും മൊഴി നൽകി മടങ്ങിയെത്തിയപ്പോൾ ശേഷിച്ച മതിലിന്റെ ഭാഗം സ്ത്രീകളടങ്ങുന്ന സംഘം പൊളിച്ചുമാറ്റി.

മതിൽ പൊളിച്ച ശേഷം സ്ഥലത്തുനിന്നു മുഖംമറച്ച് സംഘം കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ജൂൺ 24ന് 2 പേർ ജോസിന്റെ വിട്ടിലെത്തി സ്ഥലംവിട്ടുനൽകണമെന്ന് പറഞ്ഞ് ബഹളംവച്ചിരുന്നു.

ഗാന്ധിനഗർ സ്റ്റേഷനിൽ ജോസും അന്നമ്മയും പരാതി നൽകിയിരുന്നു. ഇരുകൂട്ടരെയും ചർച്ചക്കായി പോലീസ് വിളിപ്പിച്ചിരുന്നു. സൗജന്യമായി ഭൂമി വിട്ടുനൽകാൻ പറ്റില്ലെന്ന് ജോസ് പറഞ്ഞതോടെ തങ്ങൾ ഒപ്പമുണ്ടെന്ന് എതിർഭാഗത്തോട് പൊലീസ് പറഞ്ഞതായും ആക്ഷേപമുണ്ട്.

4 വർഷത്തിലധികമായി 8 വീട്ടുകാർ സ്ഥലം നൽകണമെന്ന ആവശ്യവുമായി ജോസിനെ സമീപിച്ചിരുന്നു. താലൂക്ക് സർവേയർ പരിശോധിച്ചപ്പോൾ ജോസ് നാലര സെന്റ് പുറമ്പോക്ക് അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തി.

ഇതിൽ ഒന്നര സെന്റ് വിട്ടുനൽകണമെന്നാണ് ആവശ്യപ്പെട്ടത്. പൊലീസുമായി നടത്തിയ ചർച്ചയിലും ജോസ് ഇതിനോടു യോജിച്ചിരുന്നു.

മതിൽ പൊളിക്കുന്നതിനോ മറ്റു കാര്യങ്ങൾക്കോ ഇടപെട്ടിട്ടില്ലെന്നു കൗൺസിലർ എം.എ ഷാജി പറഞ്ഞു. മതിൽ പൊളിച്ച സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

റോഡിന് ആറടിയാണ് വീതി. ഒന്നരയടി കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ കുടുംബങ്ങൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.

സ്ഥലം വിട്ടുനൽകാമെന്ന് മുൻപ് ഇവർ പറഞ്ഞിരുന്നതായും നൽകാതെ വന്നതാണ് പ്രകോപനകാരണമെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതികളെ പിടികൂടുമെന്നും തങ്ങൾക്ക് എതിരെയുള്ള ആരോപണം ശരിയല്ലെന്നും പൊലീസ് അറിയിച്ചു.

#midnight #masked #gang #demolished #wall #3 #houses #threatened #demolish

Next TV

Related Stories
Top Stories