(truevisionnews.com)യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. യാത്രയിലുടനീളമുള്ള അനുഭവങ്ങളും കാഴ്ചകളും ഓരോ യാത്രക്കാരന്റെയും മനസ്സിനെ കീഴടക്കുന്നു.
ഇത്തരത്തിൽ യാത്രകൾ പോകാൻ ഇഷ്ടമുള്ളവർക്കായി ഒരുക്കിവെച്ചിരിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊച്ചിക്ക് സമീപമുള്ള ഒരു ഗ്രാമമായ കുമ്പളങ്ങി.
കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
വേനല്‍ക്കാലത്ത് ശാന്തമായി കിടക്കുന്ന കുമ്പളങ്ങിയിലെ കായലുകളിൽ ഓളം തട്ടുമ്പോൾ ഒരു നീല വെളിച്ചം തെളിയും. ഈ വെളിച്ചത്തിന് കവര് എന്നാണ് പറയുന്നത്.
ഈ കവര് കാണാൻ നിരവധി പേരാണ് കുമ്പളങ്ങിയിലേക്കെത്തുന്നത്. സിനിമ പ്രേക്ഷകർ ഏറ്റെടുത്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രം ഇറങ്ങിയതോടെയാണ് കവര് ഇത്രയും ആളുകൾ അറിയാൻ തുടങ്ങിയത്.
പിന്നീട് ഇവിടേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചു വന്നു. ബയോലൂമിനസെൻസ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ 'കവര്' എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്.
ശത്രുക്കളിൽ നിന്നും രക്ഷനേടാനും ഇണയെ ആകർഷിക്കനുമെല്ലാമായിട്ടാണ് ഈ സൂക്ഷമ ജീവികൾ ഈ പ്രകാശം പുറപ്പെടുവയ്ക്കുന്നത്. ഈ ജീവികൾ മനുഷ്യന് ഉപകാരപ്രദമാകും എന്നതു സംബന്ധിച്ച് ഗവേഷണം നടന്നുവരികയാണ്.
കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. ഇരുട്ട് കൂടുന്നതനുസരിച് കവരിന്റെ നിറവും കൂടുമെന്നാണ് ആ പ്രദേശത്തുള്ളവർ പറയുന്നത്.
അതിനാൽ പകൽ സമയങ്ങളിൽ പോയാൽ കവര് കാണാൻ സാധിക്കില്ല. ചില സമയങ്ങളിൽ കായലിന്റെ ഭംഗി മാത്രമേ കാണാൻ സാധിക്കു.
200 രൂപ നൽകിയാൽ തോണിയിൽ കായലിന്റെ ഉൾഭാഗങ്ങളിൽ കൊണ്ടുപോയി കവര് കാണിക്കുന്നവരും ഈ പ്രദേശങ്ങളിൽ ഉണ്ട്. അഥവാ കവര് കാണാൻ സാധിച്ചില്ലെങ്കിൽ തോണിയിലൂടെയുള്ള നടുക്കായലിലേക്കയുള്ള സാഞ്ചാരം ഒരൂ യാത്രക്കാരനെയും ആകർഷിക്കുന്ന അതി മനോഹരമായ ഒരു കാഴ്ചയാണ്.
കൊച്ചി എന്ന മഹാനഗരം സന്ദർശിക്കുന്നവർക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കുമ്പളങ്ങിയിലെ കവര്.
#kavaru #bioluminescence #kubalanginights