കൊച്ചി: (truevisionnews.com) ഇന്നലെ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ച കല്ലട ബസ് ഇന്ന്കൊച്ചി മാടവന സിഗ്നൽ പോയിൻ്റിൽ വെച്ച് അപകടത്തിൽ പെടുകയും ബൈക്ക് യാത്രികനായ ഒരാൾ മരണപ്പെടുകയും പതിമൂന്നോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടുക്കമുണ്ടാക്കുന്നതാണ്.
ബസ് തലകീഴായി ഒരു ബൈക്കിന് മുകളിലേക്ക് മറിഞ്ഞാണ് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരണപ്പെട്ടത്.
ഈ അപകടം നടന്നയുടൻ നാട്ടുകാരും പോലീസും സ്തുത്യർഹമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ മറ്റാർക്കും തന്നെ ജീവഹാനി സംഭവിച്ചില്ല എന്നതും ശ്ലാഘനീയം തന്നെ.
എന്നാൽ ഇവിടെ പരിശോധിക്കേണ്ട ഒരു കാര്യം ഒരു ബസ് അപകടത്തിൽ പെട്ടാൽ പിൻവശത്തെ സുരക്ഷാ വാതിൽ വഴി യാത്രികർക്ക് രക്ഷപ്പെടാൻ അവസരമുണ്ടെന്നാണ്.
എന്നാൽ അപകടം സംഭവിച്ച കല്ലട ബസിൻ്റെ പിൻവശത്തെ സുരക്ഷാ വാതിൽ ഗ്ലാസ്സും ഏണിപ്പടിയുംവെച്ച് അടച്ച് ഭദ്രമാക്കിയിരുന്നെന്നാണ് കാണാൻ കഴിയുന്നത്.
ആയതിനാൽ ഗ്ലാസ് അടിച്ച് പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വൻകിട ബസുകളിലെ സുരക്ഷാ പരിശോധന കടലാസിൽ ഒതുങ്ങുന്നു എന്നതാണ് വാസ്തവം.
അപകടത്തെക്കുറിച്ച് ഗതാഗത വകുപ്പിൻ്റെ സമഗ്രമായ അന്വേഷണം വേണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.
കേരളത്തിലെ മുഴുവൻ ബസുകളിലെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നു.
#emergency #door #questions #raised #Kochi #Madawana #busaccident