ന്യൂ ഡല്‍ഹി: (truevisionnews.com) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗംഭീറിനെ കൂടാതെ മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു. വി രാമനേയും ബി.സി.സി.ഐ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഇരുവരേയും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു. എന്നാല്‍ രണ്ടുപേരേയും ഇന്ത്യയുടെ പരിശീലകസംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യ പരിശീലകനായി ഗംഭീര്‍ എത്തുമ്പോള്‍ ബാറ്റിങ് കോച്ചിന്റെ റോളായിരിക്കും ഡബ്ല്യു. വി രാമനെന്നാണ് സൂചന. പരിശീലകനെന്ന നിലയില്‍ രാമന് വലിയ പരിചയസമ്പത്തുണ്ട്.
ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഐപിഎല്ലിലും വിവിധ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേ സമയം ഐപിഎല്ലില്‍ ലഖ്‌നൗ, കൊല്‍ക്കത്ത ടീമുകളുടെ മെന്റര്‍ എന്ന നിലയിലുള്ള പരിചയമാണ് ഗംഭീറിനുള്ളത്.
അതിനാല്‍ രണ്ട് പേരേയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് (സി.എ.സി.) ചൊവ്വാഴ്ച ഇരുവരേയും അഭിമുഖം നടത്തിയത്.
സൂം മീറ്റിങ്ങില്‍ നടന്ന അഭിമുഖം 20 മിനിറ്റോളം നീണ്ടു. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയുമാണ് അഭിമുഖം ചെയ്തത്.
അഭിമുഖത്തില്‍ ഇന്ത്യയെ ഏതുവിധത്തില്‍ നയിക്കുമെന്നതിനെക്കുറിച്ചുള്ള വിശദീകരണം രാമന്‍ സി.എ.സി.ക്ക് മുന്‍പാകെ വിശദീകരിച്ചു. അതേ സമയം നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിയും.
കഴിഞ്ഞവർഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.
മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.
#Twist #Indiancoachelection #BCCI #moves #make #Gambhir #Raman #coaches #simultaneously