തിരുവനന്തപുരം: ( www.truevisionnews.com ) കോൺഗ്രസിനെ തകർക്കാൻ ബിജെപിയ്ക്ക് പുറം ചൊറിയുന്നത് സിപിഎം നിർത്തണമെന്ന് രമേശ് ചെന്നിത്തല. കേരള നിയമസഭയിൽ എംവി ഗോവിന്ദൻ്റെ പ്രസ്താവനക്കുള്ള മറുപടിയിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

സിപിഎം തകരണമെന്ന് കോൺഗ്രസ് ഇന്നും ആഗ്രഹിക്കുന്നില്ല, നാളെയും ആഗ്രഹിക്കില്ല. എന്നാൽ കേരളത്തിലെ സിപിഎം ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ ജനം പിണറായി വിജയനും അദ്ദേഹം പറയുന്ന രാഷ്ട്രീയത്തിനും പിണറായി വിജയൻ ഭരിക്കുന്ന സര്‍ക്കാരിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 18 സീറ്റിൽ യുഡിഎഫ് ജയിച്ചത് അപരാധം പോലെയാണ് എംവി ഗോവിന്ദൻ പറയുന്നത്. ജനങ്ങൾ വോട്ട് ചെയ്തല്ലേ യുഡിഎഫ് ജയിച്ചത്? അസത്യ പ്രചാരണങ്ങളെ മുഴുവൻ തള്ളിയാണ് ജനം വോട്ടിട്ടത്. സംസ്ഥാന സർക്കാറിന്റെ അധികാര ഗർവ്വിനും ധാർഷ്ട്യത്തിനും എതിരായി കൂടിയായിരുന്നു ജനവിധി. തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്യമെന്നാണ് സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം.
പാലിലിട്ട കാഞ്ഞിരക്കുരു പോലെയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് വോട്ട് വൻ തോതിൽ ബിജെപിക്ക് മറിഞ്ഞെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കരുവന്നൂർ അടക്കം പ്രശ്നങ്ങളിൽ കേരളത്തിലെ ബിജെപി നേതൃത്വവുമായി സിപിഎം നീക്കുപോക്കുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയെ സിപിഎം എതിർക്കുന്നില്ലെന്നും വിമര്‍ശിച്ചു.
പികെ കുഞ്ഞാലിക്കുട്ടി
ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന എൽഡിഎഫ് പരസ്യം അറംപറ്റിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇന്ത്യയുണ്ട് പക്ഷെ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിരിക്കുന്നത്. ഇടതില്ലെങ്കിൽ ന്യൂനപക്ഷ പൗരൻമാർ രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് എൽഡിഎഫ് ഉണ്ടാക്കിയിരുന്നത്.
കോൺഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരൻമാർ ഇല്ലാതായി. ഇന്ത്യ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചു. അധികാരത്തിൽ വന്നില്ലെന്നേയുള്ളൂ, പക്ഷെ ബിജെപിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി.
ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുണ്ടെങ്കിലേ എന്തെങ്കിലും ഉണ്ടാകൂ. സർക്കാരിന്റെ പ്രവർത്തനം വളരെ വളരെ മോശമാണെന്നും അതിന്റെ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
#rameshchennithala #says #cpim #should #stop #accusing #congress #helping #bjp
