Jun 2, 2024 06:04 AM

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്.

മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

മിതമായതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഞായറാഴ്ച രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

തിരമാലകളുടെ വേഗത സെക്കൻഡിൽ 40 സെന്റീമീറ്ററിനും 65 സെന്റീമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.

#Chance #heavyrain #state #today; #Orangealert #three #districts

Next TV

Top Stories