എറണാകുളം: (truevisionnews.com) ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി വയോധികൻ. കോലഞ്ചേരിയിലാണ് സംഭവം.

കോലഞ്ചേരി കിടാച്ചിറ വീട്ടില്‍ ലീല (64) ആണ് കൊല്ലപ്പെട്ടത്. പ്രതിയും ലീലയുടെ ഭര്‍ത്താവുമായ ജോസഫ് എന്ന വേണാട്ട് ജോയി (77) കൃത്യത്തിന് ശേഷം പുത്തൻകുരിശ് പൊലീസിന് മുമ്പാകെ കീഴടങ്ങി.
ഇന്നലെ വൈകീട്ട് 5നാണ് സംഭവം. ജോസഫ് വൈകിട്ട് 7 മണിയോടെയാണ് സ്റ്റേഷനിൽ ഹാജരായി ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. തന്‍റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്‍റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.
ഇവരുടെ മൂന്ന് മക്കളും വർഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭർത്താവും ആസ്ട്രേലിയയിലുള്ള മകനോടൊപ്പമായിരുന്നു. മൂന്ന് മാസം മുമ്പ് ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുമ്പാണ് ലീല തിരിച്ചെത്തിയത്.
ഇന്നലെ വൈകിട്ട് വീട്ടിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടുക്കളയിൽ വച്ച് അരിവാൾ ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി.
ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ്മോൻ പറഞ്ഞു. മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ വീടിന്റെ അടുക്കളയിലായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും സംഭവമറിയുന്നത്.
വൈകീട്ട് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞിരുന്നില്ല. പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: സ്മിത, സരിത, എൽദോസ്. മൂവരും വിദേശത്താണ്.
#Property #dispute: #year-#old #man #hacked #wife #death #Kochi;#accused #surrendered #station
