മാനന്തവാടി: (truevisionnews.com) എൻ.ഡി.എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ പ്രചാരണത്തിന് ആവേശക്കടൽ തീർത്ത് തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ നയിച്ച റോഡ് ഷോ മാനന്തവാടിയിൽ നടന്നു.
വാദ്യഘോഷങ്ങളുടേയും, നൃത്ത നൃത്ത്യങ്ങളുടെയും അകമ്പടിയോടെ രാവിലെ 11 മണിയോടെ എരുമത്തെരുവിൽ നിന്നാണ് ഷോ ആരംഭിച്ചത്.
5 കിലോമീറ്റർ ദൂരത്തിൽ നടന്ന റോഡ് ഷോ നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ അണ്ണാമലൈ സംസാരിച്ചു. മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എം.പിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നും കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഏതൊരാൾക്കും എപ്പഴും വിളിപ്പുറത്തുണ്ടാകുന്നയാളാണ് കെ. സുരേന്ദ്രൻ. വയനാടിൻ്റെ സമഗ്ര വികസനത്തിന് സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടാൽ അവസരമുണ്ടാകും.
ഇന്ത്യയിലെ വി.ഐ.പി മണ്ഡലമായ വയനാട്ടിൽ നിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്ക് വരാൻ തന്നെ അദ്ദേഹത്തിന് സമയമില്ല.
അതു കൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടാലും വയനാടിൻ്റെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപെടുത്തി ഏവരെയും സേവിക്കാൻ സന്നദ്ധനായി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു.
പ്രധാന മന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. പ്രധാന മന്ത്രി ആവാസ് യോജനയുടെ പ്രയോജനം 36 ശതമാനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആണ്.
പദ്ധതിയുടെ ഗുണഭോക്താക്കളെ ജാതി, മതം എന്നിങ്ങനെ നോക്കി ബി.ജെ.പി തരം തിരിക്കാറില്ല.എല്ലാവരുടേയും ക്ഷേമമാണ് നരേന്ദ്ര മോദി സർക്കാരിൻ്റെ ലക്ഷ്യം.
ജനങ്ങളെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ്സ് ആണെന്നും, കോൺഗ്രസ്സാണ് ഭിന്നിപ്പിച്ച് ഭരിച്ചിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.
സാമ്പത്തിക സർവ്വെ നടത്തുമെന്നതടക്കമുള്ള പ്രചാരണം ഇത് ലക്ഷ്യമിട്ടിട്ടുള്ളതാണ്.
വയനാടിന് വി.ഐ.പി സംസ്കാരം അല്ല ആവശ്യമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കൂടാതെ സന്ദീപ് ജി വാര്യർ, ജില്ലാ പ്രസിഡൻറ് പ്രശാന്ത് മല വയൽ എന്നിവരും റോഡ് ഷോക്ക് നേതൃത്വം നൽകി.
#Congress #sees #people #caste; #KAnnamalai