പെരിന്തല്‍മണ്ണ: (truevisionnews.com) മലപ്പുറം പെരിന്തല്‍മണ്ണയില്‍ പറമ്പിലെ മാളത്തില്‍ കണ്ട പെരുമ്പാമ്പിനെ തേടിച്ചെന്ന ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് വിരിഞ്ഞിറങ്ങിയ പതിനഞ്ചോളം കുഞ്ഞുങ്ങളെയും ഇരുപത്തഞ്ചോളം വിരിയാറായ മുട്ടകളും.
കോഴിക്കോട് റോഡിന് സമീപം പുളിയക്കുത്ത് സലീമിന്റെ പറമ്പില്‍ നിന്നാണ് തിങ്കളാഴ്ച പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും മുട്ടകളും ലഭിച്ചത്. രാവിലെ പറമ്പില്‍ പാമ്പിനെ കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മലപ്പുറം ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.
പെരുമ്പാമ്പ് മാളത്തിനുള്ളിലേയ്ക്ക് കയറിപ്പോയതിനെത്തുടര്‍ന്ന് മടങ്ങിയ പ്രവര്‍ത്തകര്‍ വൈകിട്ട് മൂന്നുമണിയോടെ വീണ്ടും എത്തി. പാമ്പിനൊപ്പം കുഞ്ഞുങ്ങളുടെ തലകളും കണ്ടതോടെ ഒന്നരമണിക്കൂറോളം മണ്ണ് കിളച്ച് നോക്കി.
മാളം മുഴുവനായി കാണാനാവാതെ വന്നതോടെ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണ് മാറ്റിയപ്പോളാണ് കുഞ്ഞുങ്ങളെയും പാമ്പിനെയും മുട്ടകളും കണ്ടെത്തിയത്.
കേരള വനംവകുപ്പ് സ്നേക്ക് റെസ്‌ക്യൂവര്‍മാരായ ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യൂണിറ്റ് പ്രവര്‍ത്തകന്‍ നിസാം മാനത്തുമംഗലം എന്നിവര്‍ ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്.
പാമ്പിനെയും കുഞ്ഞുങ്ങളെയും വിരിയാറായ മുട്ടകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. സാധാരണ പെരുമ്പാമ്പുകള്‍ മുപ്പത് മുതല്‍ അറുപതുവരെ മുട്ടകള്‍ ഇടാറുണ്ടെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
#Python #15 #chicks #25eggs #field #Five #hours #effort #finally #caught