പാലക്കാട്: (truevisionnews.com) നിളയുടെ തീരങ്ങളിൽ വേനൽചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂട്. നീർച്ചാലായി മാറിയ ഭാരതപ്പുഴയെ സാക്ഷിനിർത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പ്രചരണം.
ജനങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങൾ തൊട്ടറിഞ്ഞായിരുന്നു പര്യടനം കടന്നുപോയത്. പട്ടാമ്പി വല്ലപ്പുഴ പഞ്ചായത്തിലെ കുറുവട്ടൂരിൽ നിന്ന് നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വഴിയോരത്തും സ്ഥാനാർഥിയെ കാണാൻ നൂറു കണക്കിനാളുകളാണ് ഉണ്ടായിരുന്നത്. 17 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ ഓങ്ങല്ലൂർ പഞ്ചായത്തിലെ ശങ്കരമംഗലത്ത് സമാപിച്ചു.
വി.കെ ശ്രീകണ്ഠന് മുന്നിൽ വോട്ടർമാർ തങ്ങളുടെ പ്രയാസങ്ങൾ വിവരിച്ചു. എംപി ഫണ്ടിൽ നിന്നും നിരവധി പദ്ധതികൾ നടപ്പാക്കിയതിന്റെ ചാരിതാർത്ഥ്യത്തോടെയായിരുന്നു ഇന്നത്തെ മണ്ഡലപര്യടനം.
പട്ടാമ്പിയിലെ ഓരോ മൺതരികളുടെ ഉയർച്ചയ്ക്ക് പിന്നിലും വി കെ ശ്രീകണ്ഠന്റെ കരങ്ങൾ ഉണ്ടായിരുന്നു. റോഡ് വെള്ളം, വെളിച്ചം മറ്റു സൗകര്യങ്ങൾ എന്നിവയിലെല്ലാം എംപിയുടെ ഇടപെടൽ പട്ടാമ്പിയെ അനുഗ്രഹിച്ചിരുന്നു.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതിനെക്കാളും വലിയ മുന്നേറ്റം പ്രതീക്ഷിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിൽ നിറഞ്ഞ സാന്നിധ്യമാകുന്നത്.
ആളും ആരവവും ഓരോ കേന്ദ്രങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വരവേൽക്കാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വൈകീട്ട് വൈകീട്ട് മുതുതല പഞ്ചായത്തിലെ തോട്ടുങ്ങൽ സിറ്റിയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രിയോടെ ഓങ്ങല്ലൂർ സെന്ററിൽ സമാപിച്ചു. യു. ഡി. എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
#Election #heat #beats #summer #heat; #VKSreekandan #touches #people